കണ്ണൂർ: ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകളായി തുടർന്ന പ്രതിഷേധം അവസാനിപ്പിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രൻ ആറളം ഫാമിലെത്തി നാട്ടുകാരോട് നേരിട്ട് സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ആറളം പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോഗത്തിനു ശേഷമായിരുന്നു മന്ത്രി നാട്ടുകാരെ കണ്ടത്. നിങ്ങളെപോലെ പച്ച മനുഷ്യനാണ് താനെന്നും നിങ്ങൾക്കുള്ളതുപോലെ ആ വേദന താനും പങ്കുവെയ്ക്കുകയാണെന്നും ശശീന്ദ്രൻ പറഞ്ഞു.
ആസൂത്രിതമായ പദ്ധതികളും പ്രവർത്തനങ്ങളുമാണ് ആവശ്യം
മരിച്ചവരുടെ കുടുംബത്തിന്റെ താൽപര്യമനുസരിച്ച് മൃതദേഹങ്ങൾ സംസ്കരിക്കേണ്ടതുണ്ട്. ഇങ്ങനെയൊരു അനുഭവം ഈ നാട്ടുകാർക്ക് ഇനി ഉണ്ടാകാൻ പാടില്ല. അതിന് വളരെ ആസൂത്രിതമായ പദ്ധതികളും പ്രവർത്തനങ്ങളുമാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വനം മന്ത്രി നേരിട്ടെത്തിയാൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്
സർവ്വകക്ഷിയോഗ തീരുമാനങ്ങൾ
ആറളം ഫാമിലുള്ള കാട്ടാനകളെ സമയബന്ധിതമായി തുരത്തും
കൂടുതൽ ആർ.ആർ.ടി സംഘങ്ങളെ ഉപയോഗിച്ച് രാത്രി മുതൽ ദൗത്യം തുടങ്ങും
ആനമതിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി
ജനവാസ മേഖലയിൽ ലൈറ്റുകൾ സ്ഥാപിക്കും
ചിലയിടത്ത് താതാകാലിക ഫെൻസിങ് സ്ഥാപിക്കും
മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് താത്കാലിക ജോലി നൽകും
.: