സ്ത്രീകൾ പൊതുസ്ഥലത്ത് മതനിയമം പാലിക്കണം. താലിബാൻ മോഡൽ ഉത്തരവുമായി മലപ്പുറത്തെ മുജാഹിദ് പുരോഹിതൻ

മലപ്പുറം :സ്വന്തം തൊഴിലിന്റെ ഭാഗമായ സ്ഥാപനത്തിനു വേണ്ടിയുള്ള പ്രചരണ പരിപാടികളാണ് എങ്കിൽ പോലും പെൺകുട്ടികൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടരുതെന്ന് മുന്നറിയിപ്പുമായി മുജാഹിദ് വിഭാഗത്തിൻറെ പുരോഹിതൻ. മലപ്പുറത്ത് കരുവാരക്കുണ്ടിൽ സഹകരണ ആശുപത്രിയുടെ ബ്രാഞ്ച് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളിൽ അവിടെ നിയമനം ലഭിച്ച നേഴ്സുമാരും ജോലിക്കാരുമായ സ്ത്രീകൾ പൊതുസ്ഥലത്ത് നോട്ടീസ് വിതരണം അടക്കം പ്രചരണ പരിപാടികൾ സംഘടിപ്പിച്ചതാണ് ശരീഫ് കരുവാരക്കുണ്ട് എന്ന പുരോഹിതന് പ്രകോപനമായത്.

വിവാദവും ഭീഷണിയുമായി പുറത്തിറക്കിയ വീഡിയോ
ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി

പാണക്കാട് കുടുംബത്തിൻറെ നിയന്ത്രണത്തിൽ ഉള്ളതും മുസ്ലിംലീഗിന്റെ പ്രാതിനിധ്യം ഉള്ളതുമായ പി എം എസ് എ മെമ്മോറിയൽ മലപ്പുറം ജില്ല സഹകരണ ആശുപത്രിയുടെ ബ്രാഞ്ച് പുന്നക്കാട് കരുവാരകുണ്ടിൽ ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് നടത്തിയ പ്രചരണ പ്രവർത്തനങ്ങളിൽ പെൺകുട്ടികളുടെ സാന്നിധ്യം ഉണ്ടായതാണ് പുരോഹിതനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിയുമായി രംഗത്തു വരാൻ പ്രേരിപ്പിച്ചത്.

പെൺകുട്ടികൾ പ്രചരണം നടത്തുന്നത് ആഭാസകരം- അനുവദിക്കില്ല

മുസ്ലിംലീഗിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിക്ക് വേണ്ടി ഇത്തരം മതനിഷ്ഠമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നത് ചോദ്യം ചെയ്യുന്നു എന്ന മട്ടിൽ ശരീഫ് നടത്തുന്ന ആക്ഷേപങ്ങൾ പൊതുസ്ഥലത്ത് മുസ്ലിം പെൺകുട്ടികൾ എന്നല്ല ഒരു വിഭാഗത്തിലെ പെൺകുട്ടികളും ഇറങ്ങാനും ഇടപെടാനും പാടില്ല എന്നതിലേക്ക് പുരോഗമിക്കുന്നതാണ് ഫേസ്ബുക്കിലൂടെ കടന്നുപോകുമ്പോൾ കാണുന്നത്. പെൺകുട്ടികളുടെ പ്രചരണ പ്രവർത്തനങ്ങൾ ആഭാസകരമാണ് എന്ന് ശരീഫ് ഫേസ്ബുക്കിലൂടെ പറയുന്നു. അത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്തതാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഭീഷണി.

സ്ത്രീകൾ അണിനിരന്നത് പ്രകോപനം

കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യങ്ങൾ ഒന്നുമില്ലാത്ത സ്ഥലമാണ് കരിവാരക്കുണ്ടും പരിസരവും.അവിടെ സഹകരണ ആശുപത്രിയുടെ ബ്രാഞ്ച് വരുന്നത് വലിയ താല്പര്യത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. പ്രദേശവാസികളായ നിരവധി പെൺകുട്ടികൾക്ക് അവിടെ ജോലി ലഭിക്കുകയും ചെയ്തിരുന്നു. നോട്ടീസ് വിതരണം അടക്കം പ്രചരണ പ്രവർത്തനങ്ങൾ പെൺകുട്ടികൾ ഏറ്റെടുത്ത് രംഗത്തുവന്നു. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ സ്ത്രീകൾ അണിനിരന്നതാണ് വിമർശനവും പ്രകോപനവും സൃഷ്ടിച്ചിരിക്കുന്നത്.

മതനിയമം വിശ്വാസികളുടെ വീടുകളിലും മുസ്ലിം പള്ളിയിലും മതി

എന്നാൽ കരുവാരകുണ്ടിൽ നിന്ന് ശക്തമായ പ്രതികരണം ശരീഫിനെതിരെ വന്നു കഴിഞ്ഞു. മുസ്ലിം മതനിയമം അനുസരിച്ച് സ്ത്രീകൾ എങ്ങനെ പെരുമാറണം എന്ന് പറയുന്ന കാര്യങ്ങൾ മുസ്ലിം വീടുകളിലും മുസ്ലിം പള്ളിയിലും മാത്രം ബാധകമാക്കേണ്ടതാണ്. സഹകരണ ആശുപത്രിയിൽ ജോലി കിട്ടിയവർ എല്ലാവരും മുസ്ലീങ്ങൾ അല്ല. മുസ്ലിങ്ങൾ ആണെങ്കിൽ തന്നെ തൊഴിലിന്റെ ഭാഗമായി സ്ഥാപനത്തെ കുറിച്ചുള്ള പ്രചരണത്തിൽ പങ്കെടുക്കുന്നത് തടയാനോ നിയന്ത്രിക്കാനോ ഭീഷണിപ്പെടുത്താനോ ഒരു മത പുരോഹിതനും അധികാരമില്ല, അവകാശമില്ല, അത് ഗുരുതരമായ നിയമലംഘനമാണ്, കുറ്റകൃത്യമാണ്- എന്ന നിലയിൽ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് രാഷ്ട്രീയപ്രവർത്തകരും പൊതുപ്രവർത്തകരും സ്ത്രീകളും രംഗത്ത് വന്നു കഴിഞ്ഞു.

അനുവദിക്കില്ല- ഒ പി ഇസ്മയിൽ

സോഷ്യലിസ്റ്റ് നേതാവും മാധ്യമപ്രവർത്തകനുമായ ഒ പി ഇസ്മയിൽ കരുവാരക്കുണ്ട് സംഭവത്തിൽ ഇടപെടുകയും ശരീഫിനെ നേരിട്ട് കാണുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു കഴിഞ്ഞു. മത നിയമങ്ങൾ നടപ്പാക്കേണ്ട സ്ഥലമല്ല ജനാധിപത്യ ഇന്ത്യ എന്ന് ശരീഫിനോട് വ്യക്തമാക്കി എന്ന് ഓ. പി . ഇസ്മയിൽ സമദർശിയോട് പറഞ്ഞു.

മുസ്ലിം ലീഗ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല ; പോലീസ് നടപടി വേണം

ലീഗിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിക്ക് വേണ്ടി രംഗത്തിറങ്ങിയ സ്ത്രീകളെ വിരട്ടിയ നടപടിയിൽ ആശുപത്രി അധികൃതരോ പാണക്കാട് കുടുംബത്തിൽ നിന്നുള്ളവരോ മുസ്ലിം ലീഗോ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങ് ആഘോഷപൂർവ്വം നടന്നിരുന്നു. അതിനു പിന്നാലെ വേദിയിൽ സ്ത്രീകളുടെ കലാപരിപാടികളും അരങ്ങേറിയിരുന്നു.

ഷെരീഫിന്റെ പോസ്റ്റിനെതിരെ അഭിപ്രായപ്രകടനങ്ങൾ ഉണ്ട്. എന്നാൽ വളരെയധികം ആളുകൾ പിന്തുണച്ചിട്ടുമുണ്ട്. ഷെരീഫിന്റെ സമാനമായ പ്രതിഷേധവും സംശയങ്ങളും തങ്ങൾക്കും ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നവർ നിരവധിയാണ്.

അത് സൃഷ്ടിച്ചിട്ടുള്ള അന്തരീക്ഷം ഗൗരവമുള്ളതാണ് എന്ന് പൊതുപ്രവർത്തകർ പറയുന്നു. രാഷ്ട്രീയത്തിന്റെയോ മത വിഭാഗങ്ങളിലെ പിണക്കങ്ങളുടെയോ പേരിൽ താലിബാൻ മോഡൽ മത ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് പൊതുസമൂഹത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഭരണഘടന മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ശരീഫിന്റെ ഭീഷണിക്കെതിരെ പോലീസ് നടപടി വേണമെന്ന ആവശ്യവും ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →