വന്യജീവികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചാല്‍ കൊന്ന് നിയന്ത്രിക്കണം : സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്

തൊടുപുഴ: വന്യജീവി ആക്രമണം തടയാൻ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. വന്യജീവികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചാല്‍ വിദേശ രാജ്യങ്ങളില്‍ ചെയ്യാറുളളതുപോലെ ഇവിടെയും കൊന്ന് നിയന്ത്രിക്കാനുളള .നിയമം വരണമെന്നും സി.വി.വർഗീസ് പറഞ്ഞു. വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് ശേഷം വാർത്താസമ്മേളനം നടത്തുക യായിരുന്നു അദ്ദേഹം.

വനം നിയമങ്ങളാണ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്.

കേന്ദ്ര വനനിയമങ്ങളില്‍ കാലോചിതമായ മാറ്റം വേണമെന്ന് സമ്മേളനം വിലയിരുത്തി. വന്യജീവികളുടെ എണ്ണം കൂടിയിട്ടുണ്ട്. വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോള്‍ ചെയ്യുന്ന നടപടികള്‍ പലതും ശാസ്ത്രീയമല്ല. ഇതിനായി വനംവകുപ്പ് ശാസ്ത്രീയ പഠനം നടത്തണം. വനം വകുപ്പിന്റെ ഇടപെടല്‍ പലപ്പോഴും ജനരോഷം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സി.പി.എമ്മിനും വിമർശനമുണ്ട്. മറയൂരില്‍ ഒരാള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. മുമ്പ് ഇവിടെ ഒരു കാട്ടാന ചെരിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥർ അവിടത്തെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു

വന്യജീവി ശല്യം തടയാൻ വേണ്ട നടപടികള്‍ സ്വീകരിക്കും

മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് വന്യജീവി ശല്യം തടയാൻ വേണ്ട നടപടികള്‍ സ്വീകരിക്കും. ഭൂനിയമ ഭേദഗതിയുടെ ചട്ടങ്ങള്‍ ഉടൻ തന്നെ രൂപവത്കരിക്കും. നിർമാണ നിരോധന മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കെട്ടിട നിർമ്മാണം ചട്ടം സമയബന്ധിതമായി രൂപവത്കരിക്കും. ഇക്കാര്യം ചർച്ച ചെയ്യാൻ 11ന് മുഖ്യമന്ത്രിയെ കാണും.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങള്‍ക്ക് അനുസരിച്ചാണ് നേതാക്കളും അംഗങ്ങളും പ്രവർത്തിക്കേണ്ടത്. അത് ലംഘിച്ചാല്‍ നടപടിയുണ്ടാകും. ജില്ലയില്‍ പൊലീസ് പൊതുവെ നല്ല പ്രവർത്തനമാണ്. ചില ഒറ്റപ്പെട്ട മോശം സംഭവങ്ങളുണ്ടാകുന്നുണ്ട്.

പ്രശ്നങ്ങള്‍ പരിഹരിക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരു സൗഹൃദമുഖം വേണം

ജില്ലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരു സൗഹൃദമുഖം വേണം. അതിനായാണ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സെമിനാർ നടത്തിയത്. ഡീൻ കുര്യാക്കോസ് എം.പി ഉള്‍പ്പടയുള്ളവർ പാർലമെന്റില്‍ ജില്ലയുടെയും സംസ്ഥാനത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കാൻ സമ്മർദം ചെലുത്തണം. അതിപ്പോള്‍ ഉണ്ടാകുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →