എറണാകുളം ജില്ല കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി “ബഡ്‌സ് ഒളിമ്പിയ 2025” കായിക മത്സരം ഫെബ്രുവരി 7-ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടത്തും.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ശാരീരികക്ഷമത, ഏകാഗ്രത, ചലനസാമർത്ഥ്യം എന്നിവ മെച്ചപ്പെടുത്താനും അവരെ സാമൂഹികമായി കൂടുതൽ ഉൾപ്പെടുത്താനും സഹായിക്കുക എന്നതാണ് ഈ കായികമത്സരത്തിന്റെ ലക്ഷ്യം.
ജില്ലയിലെ വിവിധ ബഡ്‌സ് സ്ഥാപനങ്ങളിൽ നിന്നുള്ള 250 ഓളം കുട്ടികൾ മാറ്റുരക്കുന്ന മത്സരത്തിൽ സബ് ജൂനിയർ (12 വയസ്സ് വരെ), ജൂനിയർ (13-17 വയസ്സ്), സീനിയർ (18 വയസ്സിന് മുകളിൽ) എന്നീ വിഭാഗങ്ങളിലായി 35 ഓളം ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 50 മീറ്റർ, 100 മീറ്റർ ഓട്ടം, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, സോഫ്റ്റ് ബോൾ ത്രോ, ഷോട്ട്പുട്ട്, ലോങ്ങ് ജമ്പ്, വീൽചെയർ ഓട്ടം, റിലേ തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരിക്കും.
മത്സരങ്ങളിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾക്ക് സമ്മാനം നൽകും.
മത്സരത്തിന് ശേഷം വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം നടക്കും. ജില്ലാ ഭരണകൂട പ്രതിനിധികൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുക്കും.