എല്ലാ കുടുംബങ്ങളിലും സന്തോഷം നിറച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

.ന്യൂഡല്‍ഹി: ഭാരതത്തിലെ മധ്യവര്‍ഗക്കാരെ സംബന്ധിച്ചിടത്തോളം കേന്ദ്രബജറ്റ് ചരിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത ചരിത്രത്തിലെ ഏറ്റവും മികച്ച ഇടത്തര സൗഹൃദ ബജറ്റാണിതെന്നും ബജറ്റ് എല്ലാ കുടുംബങ്ങളിലും സന്തോഷം നിറച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ വികസനത്തില്‍ മധ്യവര്‍ഗത്തിന് വലിയ പങ്കുണ്ട്. മധ്യവര്‍ഗക്കാരെ ബഹുമാനിക്കുന്നതും സത്യസന്ധരായ നികുതിദായകര്‍ക്ക് പാരിതോഷികം നല്കുന്നതും ബിജെപി മാത്രമാണ്, മോദി പറഞ്ഞു. ദല്‍ഹിയിലെ ആര്‍.കെ. പുരത്ത് ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിനുശേഷം ഇത്രയും വലിയ ആശ്വാസം ഇതുവരെ ലഭിച്ചിട്ടില്ല.

നെഹ്റുവും ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രിമാരായായിരുന്ന കാലത്തെ ആദായനികുതിയെക്കുറിച്ച്‌ പ്രധാനമന്ത്രി പരാമര്‍ശിച്ചു. നെഹ്റുവിന്റെ കാലത്ത് ആര്‍ക്കെങ്കിലും 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കില്‍ അതിന്റെ നാലിലൊന്ന് നികുതിയായി ഈടാക്കിയിരുന്നു. ഇന്ദിര സര്‍ക്കാരിന്റെ കാലത്ത് 12 ലക്ഷം വരുമാനമുണ്ടെങ്കില്‍ 10 ലക്ഷവും നികുതിയായി നൽകണമായിരുന്നു. അവസാന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് 12 ലക്ഷം സമ്പാദിക്കുകയാണെങ്കില്‍ 2.60 ലക്ഷം രൂപ നികുതിയായി നല്കണമായിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനം 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ആരും ഒരു രൂപ പോലും നികുതിയായി നല്‌കേണ്ട എന്നാണ്. സ്വാതന്ത്ര്യത്തിനുശേഷം ഇത്രയും വലിയ ആശ്വാസം ഇതുവരെ ലഭിച്ചിട്ടില്ല.

മാര്‍ച്ച്‌ എട്ടുമുതല്‍ ബിജെപി വാഗ്ദാനം നല്കിയ 2500 രൂപ വനിതകള്‍ക്ക് ലഭിച്ചു തുടങ്ങും

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുന്നതിന് നാരീശക്തി വലിയ സംഭാവന നല്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫെബ്രുവരി എട്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരും ദല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അന്താരാഷ്‌ട്ര വനിതാ ദിനമായ മാര്‍ച്ച്‌ എട്ടുമുതല്‍ ബിജെപി വാഗ്ദാനം നല്കിയ 2500 രൂപ വനിതകള്‍ക്ക് ലഭിച്ചു തുടങ്ങുമെന്നും മോദി പറഞ്ഞു.

ജനങ്ങളെ കൊള്ളയടിച്ചവര്‍ അതിന് കണക്ക് പറയേണ്ടിവരും

ദല്‍ഹിയിലെ ആപ് സര്‍ക്കാരിന്റെ അഴിമതിയും വ്യാജ വാഗ്ദാനങ്ങളും പ്രധാനമന്ത്രി തുറന്നുകാട്ടി. ജനങ്ങളെ കൊള്ളയടിച്ചവര്‍ അതിന് കണക്ക് പറയേണ്ടിവരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →