കൊച്ചി: കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ- സിഫ്ട് സമുദ്രവിഭവ സംസ്കരണം, പാക്കേജിംഗ്, മൽസ്യ മാലിന്യ സംസ്കരണം, മൽസ്യസംസ്കരണത്തിന് ഉപയോഗിക്കുന്ന മെഷിനറികൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ശിൽപശാല ഇന്ന് സിഫ്റ്റിൽ സംഘടിപ്പിച്ചു. കേരള സർക്കാരിൻ്റെ കീഴിലുള്ള സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനായ കുടുംബശ്രീയിലെ കോർഡിനേറ്റർമാർക്കാണ് ശിൽപശാല സംഘടിപ്പിച്ചത്.
സമുദ്രവിഭവ സംസ്കരണ സാങ്കേതിക വിദ്യകൾ, മൂല്യവർദ്ധന രീതികൾ, നൂതന പാക്കേജിംഗ് വിദ്യകൾ, സുസ്ഥിരമായ മൽസ്യ മാലിന്യ വിനിയോഗം എന്നീ വിഷയങ്ങളിൽ ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് സമഗ്രമായ അറിവ് നൽകുക എന്നതാണ് ബോധവൽക്കരണ പരിപാടിയുടെ ലക്ഷ്യം. സിഫ്ട് ഡയറക്ടർ ഡോ. ജോർജ്ജ് നൈനാൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധന മേഖലയിൽ സുസ്ഥിരമായ സമുദ്രോത്പന്ന സംസ്കരണത്തിൻ്റെയും പാക്കേജിംഗിൻ്റെയും പ്രാധാന്യത്തെ കുറിച്ച് സിഫ്ട് ഡയറക്ടർ ഡോ. ജോർജ്ജ് നൈനാൻ സംസാരിച്ചു.
മൽസ്യ സംസ്കരണവും മൂല്യവർദ്ധിത ഉത്പന്നങ്ങളും, സമുദ്രവിഭവ സംസ്കരണവും പാക്കേജിംഗും, മത്സ്യ സംസ്കരണത്തിനുള്ള യന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ഡോ. യു. പാർവതി, ഡോ. രമ്യ എസ്, ഡോ. ബിൻസി പി.കെ, ഡോ. മുരളി എസ്., ശ്രീ. എസ്. ശ്രീജിത്ത്, എന്നിവർ സെഷനുകൾ എടുത്തു.
കുടുംബശ്രീ മിഷനിൽ നിന്ന് സംസ്ഥാന പ്രോഗ്രാം മാനേജർമാർ, സംസ്ഥാന അസിസ്റ്റൻ്റ് പ്രോഗ്രാം മാനേജർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവരുൾപ്പെടെ 45 പേർ ശിൽപശാലയിൽ പങ്കെടുത്തു. ഡോ. ബിന്ദു ജെ, ഐസിഎആർ-സിഫ്റ്റിലെ ഫിഷ് പ്രോസസിംഗ് വിഭാഗം മേധാവി, ഡോ. റാണ രാജ് വി.ആർ, കുടുംബശ്രീയിലെ പ്രോഗ്രാം ഓഫീസർ (മൃഗസംരക്ഷണം) എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള കുടുംബശ്രീ മിഷനും ഐ സി എ ആർ സിഫ്റ്റും തമ്മിൽ സാങ്കേതികവിദ്യ കൈമാറുന്നതിനും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും വേണ്ടിയുള്ള ധാരണാപത്രത്തിൻ്റെ മുന്നോടിയാണ് ഈ ശിൽപശാല. നൂതന പരിശീലനത്തിലൂടെയും സാങ്കേതിക പിന്തുണയിലൂടെയും കുടുംബശ്രീ അംഗങ്ങളെ ശാക്തീകരിക്കുന്നതിനും കേരളത്തിലെ സമുദ്രോത്പന്ന സംസ്കരണ വ്യവസായത്തിൽ നൂതനത്വവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ബോധവൽക്കരണ ശില്പശാല.

