പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ ഡല്‍ഹി പോലീസ് പരിശോധന

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നേതൃത്വത്തില്‍ ഡല്‍ഹി പോലീസ് പരിശോധനയ്ക്കെത്തിയെന്ന് ആം ആദ്മി പാർട്ടി. എന്നാല്‍ അനധികൃതമായി പണം വിതരണം ചെയ്യുന്നുവെന്ന പരാതി ലഭിച്ചിരുന്നുവെന്നും അകത്തേക്കു കയറാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനാല്‍ വീടിനകത്തു പരിശോധന നടന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. സി-വിജില്‍ ആപ്പിലൂടെ ഒരു പരാതി ലഭിച്ചിരുന്നതിനാല്‍ ഫ്ലയിംഗ് സർവെയ്‌ലൻസ് ടീം സ്ഥലത്തെത്തി പരാതിയിന്മേല്‍ സ്വീകരിക്കുന്ന സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണുണ്ടായത്.

പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ പരാതി നല്‍കാൻ കഴിയുന്ന സംവിധാനമാണ് സി-വിജിൽ

തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതിനെതിരേ പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ പരാതി നല്‍കാൻ കഴിയുന്ന സംവിധാനമാണ് സി-വിജിലെന്നും പരാതി ലഭിച്ചാല്‍ 100 മിനിറ്റിനുള്ളില്‍ അന്വേഷണം നടത്തി പരിഹരിക്കുമെന്നും ഈ നടപടികളാണ് ഉണ്ടായതെന്നും ഡല്‍ഹി പോലീസ് അധികൃതർ സൂചിപ്പിച്ചു.

വിമർശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി

നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി രംഗത്തെത്തി. ബിജെപി നേതാക്കള്‍ പകല്‍വെളിച്ചത്തില്‍ പണവും സാധനങ്ങളും നല്‍കുന്നത് ഡല്‍ഹി പോലീസ് കാണുന്നില്ലെന്നും എന്നാല്‍ അവർ എഎപിയുടെ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ വസതി പരിശോധനയ്ക്കായി തെരഞ്ഞെടുത്തുവെന്നും അതിഷി ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →