ഡല്‍ഹി: ഓർത്തഡോക്സ് -യാക്കോബായ തർക്കമുള്ള ആറ് പള്ളികള്‍ സർക്കാർ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇതോടൊപ്പം ഉദ്യോഗസ്ഥർക്കെതിരേയുള്ള കോടതിയലക്ഷ്യ ഹർജികളില്‍ വീണ്ടും വാദം കേള്‍ക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
പള്ളി ഭരണം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനു നിർദേശം നല്‍കാൻ കോടതിക്കു സാധിക്കുമോയെന്ന് പരിശോധിക്കാനും ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. പോലീസ് ഉദ്യോഗസ്ഥർ ആരാധനാലയങ്ങള്‍ ഏറ്റെടുക്കാൻ പോകുന്നതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി വീണ്ടും കേള്‍ക്കുമ്പോള്‍ ഹൈക്കോടതി പരിഗണിക്കേണ്ട വിഷയങ്ങളും സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കോടതി പരിഗണിക്കേണ്ട വിഷയങ്ങൾ.
വിഷയത്തില്‍ കോടതിയലക്ഷ്യത്തിന്‍റെ പ്രാധാന്യമെന്ത്, വിധി നടപ്പിലാക്കാൻ ബാധ്യസ്ഥരായ കക്ഷികള്‍ ആരൊക്കെയാണ്, ഹൈക്കോടതി ഉത്തരവ് പൂർത്തീകരിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ എന്തു നടപടികളാണു സ്വീകരിക്കേണ്ടത്, കേരള ക്രിസ്ത്യൻ സെമിത്തേരി നിയമം 2020 കേസില്‍ എങ്ങനെ സ്വാധീനം ചെലുത്തും, മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട തർക്കത്തില്‍ മതപരമായ സ്ഥലം ഏറ്റെടുക്കാൻ ഹൈക്കോടതിക്ക് ഭരണകൂടത്തോടു നിർദേശിക്കാൻ സാധിക്കുമോ തുടങ്ങിയ വിഷയങ്ങള്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവുകള്‍ നടപ്പാക്കാൻ ആവശ്യമായ പ്രായോഗിക വഴികള്‍ ഹൈക്കോടതി കണ്ടെത്തണമെന്നും സ്വതന്ത്ര തീരുമാനമെടുക്കാനാണു ഹൈക്കോടതിക്കു വിടുന്നതെന്നും വ്യക്തമാക്കി.
പോലീസ് ഇടപെടലില്‍ ആശങ്കയുണ്ടെന്നും സുപ്രീംകോടതി
തീർപ്പാക്കിയ തർക്കങ്ങള്‍ വീണ്ടും പരിശോധിക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അതിനാല്‍ ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കണമെന്നും ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിഷയങ്ങളില്‍ ഹൈക്കോടതിവിധിയുടെ പ്രയോജനം ലഭിക്കാനാണു താത്പര്യമെന്നും പോലീസ് ഇടപെടലില്‍ ആശങ്കയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു
