കോഴിക്കോട്: ഇടുക്കിയില്‍ ഏലത്തിന്റെ വർഗ്ഗീകരണ പഠനത്തിനിടെ, പുതിയ രണ്ട് ഏലയിനങ്ങളെ തെക്കൻ പശ്ചിമഘട്ടത്തില്‍ നിന്ന് അന്താരാഷ്ട്ര സസ്യശാസ്ത്രസംഘം കണ്ടെത്തി.കോഴിക്കോട് മലബാർ ബൊട്ടാണിക്കല്‍ ഗാർഡനിലെ ഡോ.മാമിയില്‍ സാബു ഉള്‍പ്പെട്ട ഏഴംഗ സംഘമാണ് പഠനം നടത്തിയത്.എലിറ്റേറിയ ഫേസിഫെറ (Elettaria facifera), എലിറ്റേറിയ ടൂലിപ്പിഫെറ (Elettaria tulipifera) എന്നിവയാണ് പുതിയതായി കണ്ടെത്തിയ സ്പീഷീസുകള്‍. തെക്കൻ കേരളത്തിലും ശ്രീലങ്കയിലും വളരുന്ന ഗ്രീൻ ഏലത്തിന്റെ (എലിറ്റേറിയ കാർഡമം) വിഭാഗത്തില്‍ പെട്ട രണ്ട് വന്യയിനങ്ങളെയാണ് പുതിയതായി തിരിച്ചറിഞ്ഞതെന്ന് ‘ടാക്‌സോണ്‍’ ജേർണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ട്യൂലിപ് പൂക്കളുടെ ആകൃതിയില്‍ പൂവുള്ളതാണ് പുതിയ ഇനങ്ങളില്‍ ഒന്ന്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വകുപ്പിന്റെ മുൻമേധാവിയും പ്രൊഫസറുമായ ഡോ.സാബുവും, സിങ്കപ്പൂർ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ജന ലിയോങ്-സ്‌കോർനിക്കോവയുമാണ് വർഗ്ഗീകരണ പഠനത്തിനിടെ, രണ്ട് പുതിയ ഏലയിനങ്ങളെ തിരിച്ചറിഞ്ഞ് വിശദീകരിച്ചത്.പ്രസിദ്ധമായ ട്യൂലിപ് പൂക്കളുടെ ആകൃതിയില്‍ പൂവുള്ളതാണ് പുതിയ ഇനങ്ങളില്‍ ഒന്ന്. അതിനാല്‍ അതിന് എലിറ്റേറിയ ടൂലിപ്പിഫെറ എന്ന് ഗവേഷകർ പേരിട്ടു. ‘മൂന്നാറില്‍ നിന്നാണ് ഈ പുതിയയിനത്തെ കണ്ടെത്തിയത്. എന്നാല്‍, എലിറ്റേറിയ ഫേസിഫെറ തേക്കടി പ്രദേശത്താണ് വളരുന്നതായി കണ്ടത്’, ഡോ.സാബു മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഗോത്രവിഭാഗമായ മന്നാൻമാർക്ക് ഈ ഏലയിനത്തെപ്പറ്റി മുമ്പേ അറിവുളളതാണ്.
തേക്കടിയില്‍ പെരിയാർ കടുവാസങ്കേതത്തില്‍ രണ്ടിടത്ത് ഫേസിഫെറ വളരുന്നതായി കണ്ടെത്തി. ശാസ്ത്രലോകം ഇപ്പോഴാണ് തിരിച്ചറിയുന്നതെങ്കിലും, പ്രദേശത്തെ ഗോത്രവിഭാഗമായ മന്നാൻമാർക്ക് ഈ ഏലയിനത്തെപ്പറ്റി മുമ്പേ അറിവുണ്ട്. അവയുടെ വാപിളർന്ന മാതിരിയുള്ള കായകളെ ഉദ്ദേശിച്ച് ‘വായീനോക്കി ഏലം’ എന്നാണ് അവയെ മന്നാൻമാർ വിളിക്കുന്നത്!
ഗ്രീൻ കാർഡമം എന്ന് വിളിക്കുന്ന ഏലം ‘സുഗന്ധവ്യജ്ഞനങ്ങളിലെ റാണി’യെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്ത് ഏറ്റവുമധികം ഗ്രീൻ ഏലം വിളയുന്നത്, തെക്കൻ കേരളത്തിലെ ഏലമല മേഖലയിലാണ്. പുതിയ ഏലയിനങ്ങളെ തിരിച്ചറിഞ്ഞതും ഈ മേഖലയില്‍ നിന്നാണ്.
