അപൂര്‍വ രോഗബാധിതര്‍ക്കുളള ചികിത്സാ സഹായം 50 ലക്ഷം രൂപയിൽ കൂടരുതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: അപൂര്‍വ രോഗബാധിതര്‍ക്ക് ചികിത്സാ സഹായമായി 50 ലക്ഷം രൂപവരെ മാത്രമേ അനുവദിക്കാനാവൂവെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവിതകാലം മുഴുവന്‍ ചികില്‍സ ആവശ്യമുള്ളവരാണിവര്‍. അധികമായി തുക വേണ്ടിവരുന്ന കേസുകളില്‍ ക്രൗഡ് ഫണ്ടിംഗ് അടക്കം സമാഹരണ സാധ്യതകള്‍ ഉപയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ശോഭിത് ഗുപ്ത സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 18 തരം അപൂര്‍വ രോഗങ്ങള്‍ ബാധിച്ച 3000ലേറെ പേരാണ് രാജ്യത്തുള്ളത്.

എറണാകുളം സ്വദേശിയായ യുവതി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം

ഹൈക്കോടതി ഉത്തരവിട്ടിട്ടും ചികിത്സാസഹായം മുടങ്ങിയതിനെത്തുടര്‍ന്ന് എറണാകുളം സ്വദേശിയായ യുവതി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കുള്ള ചെലവ് വര്‍ഷംതോറും 50 ലക്ഷം മുതല്‍ എട്ടു കോടി രൂപ വരെയാകുമെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു

വര്‍ഷം തോറും കണ്ടെത്തേണ്ടത് 6,400 കോടി മുതല്‍ 34,000 കോടി രൂപ വരെ

ജീന്‍ തെറാപ്പിയാണു വേണ്ടിവരുന്നതെങ്കില്‍ ചെലവ് ഒമ്പതു മുതല്‍ 30 കോടി വരെയാകും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ വര്‍ഷം തോറും കണ്ടെത്തേണ്ടത് 6,400 കോടി മുതല്‍ 34,000 കോടി രൂപ വരെയാണ്. പുതുതായി കണ്ടെത്തുന്ന അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായ തുകയും കണ്ടെത്തേണ്ടതുണ്ട്. ക്രൗഡ് ഫണ്ടിംഗിലൂടെ തുക സമാഹരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണ്. ഹര്‍ജിക്കാര്‍ക്ക് ഇതുവരെ 50 ലക്ഷം രൂപ ചികിത്സാ സഹായമായി അനുവദിച്ചുകഴിഞ്ഞു. ഇനി കൂടുതല്‍ തുക അനുവദിക്കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →