കൊച്ചി: വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലിനിരയായവരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു ഹാരിസണ്‍ മലയാളം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും സിംഗിള്‍ ബെഞ്ച് ഉത്തരവും സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചാണു ഹര്‍ജി. ദുരന്തനിവാരണ നിയമപ്രകാരം (2005) സ്വകാര്യഭൂമി ഏറ്റെടുക്കാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് വിധി നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
സ്വകാര്യഭൂമി സ്ഥിരമായി ഏറ്റെടുക്കാന്‍ ദുരന്തനിവാരണ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് അപ്പീലിൽ
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമേ സ്വകാര്യഭൂമി ഏറ്റെടുക്കാനാകൂ എന്നാണ് ഹാരിസണ്‍സിന്‍റെ വാദം. ഭൂമി ഏറ്റെടുക്കല്‍ ദുരന്തനിവാരണ നിയമപ്രകാരവും നഷ്‌ടപരിഹാരം ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരവും നല്‍കണമെന്ന നിര്‍ദേശത്തോടെയായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ പുനരധിവാസത്തിനായി സ്വകാര്യഭൂമി സ്ഥിരമായി ഏറ്റെടുക്കാന്‍ ദുരന്തനിവാരണ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും താത്കാലികമായി ഏറ്റെടുക്കാന്‍ മാത്രമാണു സര്‍ക്കാരിന് അധികാരമുള്ളതെന്നും അപ്പീലില്‍ പറയുന്നു.
1923ല്‍ രജിസ്റ്റര്‍ ചെയ്ത രേഖപ്രകാരം ഒരു നൂറ്റാണ്ടിലേറെയായി ഭൂമിയുടെ ഉടമസ്ഥാവകാശമുണ്ട്. സ്ഥിരമായി നികുതിയടച്ചു വരുന്നതാണ്. ഒട്ടേറെ റവന്യു രേഖകളും ഹര്‍ജിക്കാരുടെ പേരിലാണ്.