തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സംഘാടകരുടെ പിടിപ്പുകേടിനെത്തുടർന്ന് ചാമ്പ്യൻപട്ട സ്കൂള്‍ പ്രഖ്യാപനത്തിലുണ്ടായ അപാകതയെ ചോദ്യംചെയ്ത സ്കൂളുകള്‍ക്ക് അടുത്ത സംസ്ഥാന സ്കൂള്‍ കായികമേളില്‍ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും.
സ്കൂള്‍ കായികരംഗത്ത് സംസ്ഥാനത്തിന് ഏറ്റവുമധികം സംഭാവനകള്‍ നല്കിയ സ്കൂളുകളില്‍ ഒന്നായ കോതമംഗലം മാർ ബേസില്‍, മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്കൂളുകളെയായിരുന്നു അടുത്ത സ്കൂള്‍ കായികമേളയില്‍ നിന്നു വിലക്കിയത്.
നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധം
കേട്ടുകേള്‍വി പോലുമില്ലാത്ത ഈ നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധമാണ് പല കോണുകളില്‍നിന്നും ഉയർന്നത്. മുൻകാല കായികതാരങ്ങള്‍ ഒന്നടങ്കം സർക്കാരിന്‍റെ നടപടിക്കെതിരേ രംഗത്തു വന്നു. സ്കൂളുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കത്ത് നല്കിയിരുന്നു.പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎയും സർക്കാർ നിലപാടിനെതിരേ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിലക്കില്‍നിന്നു പിന്നോട്ടു പോകാൻ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ചർച്ചകള്‍ തുടങ്ങിയത്
