.വത്തിക്കാൻ സിറ്റി: സമർപ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാൻ കൂരിയയിലെ കാര്യാലയത്തിന്‍റെ (ഡിക്കാസ്റ്ററി) പ്രീഫെക്ടായി സിസ്റ്റർ സിമോണ ബ്രാംബില്ലയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു..ഇറ്റലിക്കാരിയാണ് സിസ്റ്റർ സിമോണ. ചരിത്രത്തില്‍ ആദ്യമായാണ് വത്തിക്കാൻ കാര്യാലയത്തിന്‍റെ തലപ്പത്ത് ഒരു വനിത നിയമിതയാകുന്നത്. പ്രോ-പ്രീഫെക്ടായി സ്പെയിൻകാരനായ കർദിനാള്‍ എംഗല്‍ ഫെർണാണ്ടസ് ആർതിമേ എസ്ഡിബിയും നിയമിതനായി. സലേഷ്യൻ സന്യാസസമൂഹത്തിന്‍റെ സുപ്പീരിയർ ജനറലായിരിക്കേ, 2023ല്‍ കർദിനാളായി നാമനിർദേശം ചെയ്യപ്പെട്ട ആർതിമേ (65) അതേ വർഷം മുതല്‍ ഈ കാര്യാലയത്തില്‍ അംഗമായിരുന്നു.
സിസ്റ്റർ സിമോണ സന്യാസസമൂഹത്തിന്‍റെ സുപ്പീരിയർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊണ്‍സൊലാത്ത മിഷണറീസ് എന്ന സന്യാസസമൂഹത്തില്‍ അംഗമായ സിസ്റ്റർ സിമോണ ഈ കാര്യാലയത്തിന്‍റെ അംഗമായി 2019 മുതലും സെക്രട്ടറിയായി 2023 മുതലും പ്രവർത്തിച്ചുവരികയായിരുന്നു. അറുപതുകാരിയായ സിസ്റ്റർ സിമോണ സന്യാസസമൂഹത്തിന്‍റെ സുപ്പീരിയർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. മൊസാംബിക്കില്‍ പ്രേഷിതപ്രവർത്തനം നടത്തിയിട്ടുള്ള സിസ്റ്റർ നഴ്സിംഗ് ജോലി ഉപേക്ഷിച്ച് സന്യാസം തെരഞ്ഞെടുത്ത വ്യക്തിയാണ്. റോമൻ കൂരിയയുടെ പരിഷ്കരണം സംബന്ധിച്ച് 2022ല്‍ പുറത്തിറക്കിയ ‘പ്രെദിക്കാത്തേ എവാൻഗെലിയും’ എന്ന രേഖയനുസരിച്ച് മേലില്‍ വത്തിക്കാൻ കാര്യാലയങ്ങളുടെ അധ്യക്ഷസ്ഥാനത്തേക്ക് സ്ത്രീകളുള്‍പ്പെടെയുള്ള അല്മായരെയും നിയമിക്കാവുന്നതാണ്.
വത്തിക്കാൻ കാര്യാലയങ്ങളില്‍ കൂടുതല്‍ വനിതകളെ നിയമിക്കുക യെന്നത് ഫ്രാൻസിസ് മാർപാപ്പയുടെ ഭരണപരിഷ്കാരം
നേരത്തേ ആർച്ച്‌ബിഷപ്പുമാരോ കർദിനാള്‍മാരോ മാത്രമാണു പ്രീഫെക്ടുമാരായി നിയമിതരായിട്ടുള്ളത്.ഫ്രാൻസിസ് മാർപാപ്പയുടെ ഭരണപരിഷ്കാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് വത്തിക്കാൻ കാര്യാലയങ്ങളില്‍ കൂടുതല്‍ വനിതകളെ നിയമിക്കുക യെന്നതാണ്. വിവിധ വത്തിക്കാൻ ഓഫീസുകളിലെ സ്ത്രീപ്രാതിനിധ്യം 2013-2023 കാലയളവില്‍ 19.2ല്‍നിന്ന് 23.4 ശതമാനമായി ഉയർന്നിട്ടുണ്ട്.
