തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ വര്‍ദ്ധിപ്പിച്ച് ഉത്തരവിറങ്ങി. നിരക്ക് വര്‍ദ്ധന ഡിസംബർ 5 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഫിക്‌സഡ് ചാര്‍ജും കൂട്ടി. 10 പൈസ സമ്മര്‍ താരിഫ് വേണമെന്ന കെ.എസ്.ഇ.ബി ആവശ്യം റഗുലേറ്ററി കമ്മീഷന്‍ തള്ളി. അടുത്ത വര്‍ഷം 12 പൈസ വര്‍ധിപ്പിക്കും. വൈദ്യുതി നിരക്ക് കൂട്ടുന്നതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വ്യാഴാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
സമ്മര്‍ താരിഫ് നിര്‍ദ്ദേശം റഗുലേറ്ററി കമ്മീഷന്‍ തള്ളി.
വേനല്‍ക്കാലമായ ജനുവരി മുതല്‍ മേയ് വരെ ഒരു പ്രത്യേക സമ്മര്‍ താരിഫ് കൂടി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഈ മാസങ്ങളില്‍ 10 പൈസ കൂടി അധികമായി യൂണിറ്റിന് ഈടാക്കണമെന്നായിരുന്നു കെഎസ്‌ഇബിയുടെ നിര്‍ദേശം. ഈ നിര്‍ദ്ദേശം റഗുലേറ്ററി കമ്മീഷന്‍ തള്ളി.പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 4.45 ശതമാനത്തിന്റെ (37 പൈസയുടെ) വര്‍ദ്ധനവാണ് കെ എസ് ഇ ബി. ആവശ്യപ്പെട്ടത്.
കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസയുടെ വര്‍ധനവ്
40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനവ് ബാധിക്കില്ലെന്നാണ് കെ എസ് ഇ ബി അറിയിച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 16 പൈസയും 2025-26 വര്‍ഷത്തില്‍ 12 പൈസയും വര്‍ധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്. കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസയുടെ വര്‍ധനവും വരുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം ആളുകളെയാണ് ഈ നിരക്കുവര്‍ധനവ് ബാധിക്കുകയെന്നാണ് വിലയിരുത്തലുകള്‍..
ചെറിയ വര്‍ദ്ധനയെന്ന് മന്ത്രി
വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലായിരിക്കും വര്‍ധനയെന്നും മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരും. 70% വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ട്. നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കും. നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ല അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര ഉത്പാദനം നടത്താന്‍ സാധ്യതകളുണ്ട്. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചെറിയ വര്‍ദ്ധനയെന്നാണ് ഇന്ന് മന്ത്രി ന്യായീകരിച്ചത്..