പാലക്കാട് : പാലക്കാട്ടെ വോട്ടു ചോർച്ച സുവർണാവസരമായി കണക്കാക്കി നേതൃമാറ്റത്തിനായി വിമത പക്ഷം പടയൊരുക്കത്തിനും കോപ്പുകൂട്ടിത്തുടങ്ങി.ആഞ്ഞുപിടിച്ചാല്‍ എ ക്ലാസ്സ് മണ്ഡലത്തിലൂടെ അക്കൗണ്ട് തുറന്ന് നിയമസഭയിലെത്താമെന്ന് കണക്കുകൂട്ടിയ ബി ജെ പിക്കേറ്റത് കനത്ത പ്രഹരം . ബിജെപി ട്ടകളില്‍ വീണ വിള്ളലുകള്‍ പാർട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികളുണ്ടാക്കും. മണ്ഡലത്തിലെ മുതിർന്ന നേതാക്കളില്‍ പലരും സംസ്ഥാന നേതൃത്വത്തിനെതിരെ ഇതിനകം വിമർശമുന്നയിച്ചു കഴിഞ്ഞു.
ശോഭാ സുരേന്ദ്രനാണ് സ്ഥാനാർഥിയായിരുന്നതെങ്കില്‍ ജയിച്ചു കയറാമായിരുന്നു.
പാലക്കാട് സീറ്റിന് വേണ്ടി ശോഭാ സുരേന്ദ്രനെ പിന്തുണച്ചിരുന്ന ഒരു വിഭാഗം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ തിരിയുമെന്ന കാര്യത്തിലും തർക്കമില്ല. മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ടുയർത്തുന്ന ശോഭാ സുരേന്ദ്രനാണ് സ്ഥാനാർഥിയായിരുന്നതെങ്കില്‍ ജയിച്ചു കയറാമായിരുന്നുവെന്ന വാദം ശക്തമാക്കിയാകും ഇവർ നേതാക്കള്‍ക്കെതിരെ വാളോങ്ങുക. സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിയിലായിരുന്നു ആദ്യം പരിഗണിക്കപ്പെട്ടിരുന്ന ശോഭക്ക് പകരം കൃഷ്ണകുമാർ സ്ഥാനാർഥിയായെത്തിയത്
പതിനായിരത്തോളം വോട്ടുകളാണ് ഒറ്റയടിക്ക് ബി ജെ പിക്ക് നഷ്ടമായത്.
തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥി നിർണയം മുതല്‍ വി മുരളീധരനും കെ സുരേന്ദ്രനും നടത്തിയ ഇടപെടലുകള്‍ ഒരു വിഭാഗത്തെ ഒതുക്കുന്നതാണെന്ന പതിവ് വിമർശം വീണ്ടും ഉന്നയിക്കപ്പെടുകയും ചെയ്യും. അതേസമയം, പാലക്കാട്ട് അടിസ്ഥാന വോട്ട് നിലനിർത്തിയിട്ടുണ്ടെന്ന് ബി ജെ പി നേതൃത്വം പറയുമ്പോഴും പാർലിമെന്റ് തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുകള്‍ പോലും പെട്ടിയില്‍ വീഴാത്തതെന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കാൻ പ്രാഥമികമായി പോലും നേതൃത്വത്തിന് കഴിയുന്നില്ല. പാലക്കാട്ടെ .യു ഡി എഫിന്റെ കടന്നുകയറ്റത്തില്‍ പതിനായിരത്തോളം വോട്ടുകളാണ് ഒറ്റയടിക്ക് ബി ജെ പിക്ക് നഷ്ടമായത്.
ശക്തികേന്ദ്രങ്ങളില്‍ പോലും കാലിടറി
കല്‍പ്പാത്തി പോലുള്ള ശക്തികേന്ദ്രങ്ങളില്‍ പോലും കാലിടറി എന്നതും നേതൃത്വത്തെ ചെറുതായൊന്നുമല്ല അലട്ടുന്നത്. തൃശൂരില്‍ നടത്തിയതിന് സമാനമായ പ്രവർത്തനമാണ് ബി ജെ പി പാലക്കാട്ടും നടത്തിയത്. പുതിയ വോട്ടർമാരെ ചേർക്കലും പല തവണകളായി വീടുകയറി വോട്ട് ചോദിക്കലുമുള്‍പ്പെടെ കൃത്യമായി നടപ്പാക്കിയിട്ടും 2021ലെ പരാജയത്തിന് പകരം വീട്ടാൻ കഴിയാതെ പോയത് അണികളില്‍ വലിയ നിരാശക്കാണ് വഴി തുറന്നത്. പാർട്ടിക്കുള്ളില്‍ കലാപക്കൊടി ഉയർത്തിയ സന്ദീപ് വാര്യരെ പ്രകോപിപ്പിച്ച് പുറത്ത് പോകാൻ പ്രേരിപ്പിച്ച സുരേന്ദ്രന്റെ നിലപാടും ചർച്ചയാക്കാൻ വിമത പക്ഷം ഒരുങ്ങുന്നുണ്ട്