ഞാൻ ചെല്ലുന്നിടത്തെല്ലാം മൈക്കിന് പ്രശ്നമാണല്ലോ? :മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും മൈക്ക് തകരാർ. പക്ഷേ, ഇത്തവണ മുഖ്യമന്ത്രി കാര്യം സരസമായാണ് കൈകാര്യം ചെയ്തത്. ഞാൻ ചെല്ലുന്നിടത്തെല്ലാം മൈക്കിന് പ്രശ്നമാണല്ലോ? എന്നായിരുന്നു മുഖ്യമന്ത്രിയുടെ കമന്റ്.
വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ച്‌ ചേർത്ത എംപിമാരുടെ യോഗത്തിലായിരുന്നു സംഭവം.

മൈക്കുകള്‍ പല തവണ മുഖ്യമന്ത്രിയുമായി പിണങ്ങിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനമായാലും പൊതുവേദിയായാലും മൈക്കുകള്‍ പല തവണ മുഖ്യമന്ത്രിയുമായി പിണങ്ങിയിട്ടുണ്ട്. ഏപ്രിലില്‍ പത്തനംതിട്ടയില്‍ അടൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ കണക്ഷനിലെ തകരാര്‍ മൂലം മൈക്ക് ഒഴിവാക്കി സംസാരിക്കേണ്ടി വന്നിരുന്നു. സൗണ്ട് ബോക്‌സിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് മൈക്ക് ഒഴിവാക്കി സംസാരിക്കേണ്ടി വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷനില്‍ സംസാരിക്കവേ മൈക്ക് ഒടിഞ്ഞുവീണതും വലിയ ചര്‍ച്ചയായിരുന്നു.

മൈക്ക് തകരാറായ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത സംഭവം

ഇത്തരത്തിലുള്ള അനുഭവങ്ങള്‍ മൈക്കുമായി മുഖ്യമന്ത്രിക്കുണ്ടായെങ്കിലും കേരള സമൂഹത്തില്‍ ഏറെ ചിരിപ്പിച്ച വിവാദ സംഭവമായിരുന്നു മൈക്ക് കേടായതിന് കേസെടുത്തത്. കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസാണ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തത്. കേരളാ പൊലീസ് ആക്‌ട് പ്രകാരമായിരുന്നു കേസ്. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യുക എന്നതാണ് വകുപ്പ്.

പൊലീസ് പിടിച്ചെടുത്ത ആംപ്ലിഫയര്‍ ഉള്‍പ്പെടെയുള്ള മൈക്ക് സെറ്റ് ഉടമക്ക് തിരിച്ചുത്

എന്നാല്‍ സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് സുരക്ഷാ പരിശോധനയല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെ പൊലീസ് പിടിച്ചെടുത്ത ആംപ്ലിഫയര്‍ ഉള്‍പ്പെടെയുള്ള മൈക്ക് സെറ്റ് ഉടമക്ക് തിരിച്ചു നല്‍കുകയും ചെയ്തു. എന്തായാലും ഇത്തവണ വിവാദങ്ങള്‍ക്ക് വഴിയൊരുക്കാതെ ചിരിച്ച്‌ കൊണ്ട് നേരിടാനായിരുന്നു മുഖ്യമന്ത്രി ശ്രമിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →