കൊച്ചി: മതമൈത്രിയും സൗഹാർദവും നിലനില്‍ക്കുന്ന സാമൂഹ്യ അന്തരീക്ഷത്തിന് മുനമ്പം ഭൂമിപ്രശ്നത്തിന്‍റെ പേരില്‍ ഒരുവിധത്തിലുമുള്ള കോട്ടവുമുണ്ടാകരുതെന്ന് കേരള റീജണല്‍ ലാറ്റിൻ കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് പ്രസിഡന്‍റ് ബിഷപ് ഡോ.വർഗീസ് ചക്കാലക്കല്‍ പറഞ്ഞു. മുനമ്പത്തേത്ത് ഒരു പ്രദേശത്തിന്‍റെയോ ഒരു വിഭാഗത്തിന്‍റെയോ മാത്രം പ്രശ്നമല്ല. മുനമ്പത്തെ സാധാരണക്കാർ നേരിടുന്ന ഗൗരവമായ പ്രശ്നമാണ്. മാനുഷികമായ മനോഭാവത്തോടെ പ്രശ്നത്തെ സമീപിച്ച് പരിഹാരമുണ്ടാക്കണം. സ്ഥിരമായ പരിഹാരമാണ് ആവശ്യം.
പ്രശ്നത്തിൽ ഇടപെട്ട് പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും
ലീഗ് നേതാക്കളുമായുള്ള ചർച്ചയില്‍ കേരള ലത്തീൻ രൂപതകളിലെ എല്ലാ മെത്രാന്മാരും പങ്കെടുത്തു. പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രശ്നപരിഹാരത്തിന് ഇടപെടുന്നുണ്ട്. വിഷയം മുഖ്യമന്ത്രിയെയും സർക്കാരിനെയും ബോധ്യപ്പെടുത്തും. അതിന് എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചുനില്‍ക്കുന്നത് സന്തോഷകരമാണെന്നും ബിഷപ് ഡോ. ചക്കാലക്കല്‍ പറഞ്ഞു
