സീ പ്ലെയിന്‍ കാട്ടാനകളെ പ്രകോപിപ്പിക്കുമെന്നു വനം വകുപ്പ്‌

മൂന്നാര്‍: വിനോദസഞ്ചാര മേഖലയ്‌ക്കു കുതിപ്പേകുമെന്നു പ്രതീക്ഷിക്കുന്ന സീ പ്ലെയിന്‍ സര്‍വീസില്‍ ആശങ്ക പ്രകടിപ്പിച്ച്‌ വനം വകുപ്പ്‌.മാട്ടുപ്പെട്ടി ജലാശയത്തിലെ ലാന്‍ഡിങ്‌ കാട്ടാനകളെ പ്രകോപിപ്പിക്കുമെന്നു സൂചിപ്പിച്ചാണ്‌ വനംവകുപ്പിന്റെ വിയോജിപ്പ്‌. സംയുക്‌ത പരിശോധനാവേളയില്‍ വിഷയം നേരിട്ട്‌ അറിയിച്ചിരുന്നതായും വനം വകുപ്പ്‌ വ്യക്‌തമാക്കി.

പദ്ധതിക്കു തുരങ്കംവയ്‌ക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍

വനം വകുപ്പിന്റെ സമീപനത്തിനെതിരേ വിമര്‍ശനവുമായി മന്ത്രി റോഷി അഗസ്‌റ്റിനും എം.എം. മണി എം.എല്‍.എയും രംഗത്തെത്തി. പദ്ധതിക്കു തുരങ്കംവയ്‌ക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളാണ്‌ രൂപപ്പെടുത്തേണ്ടത്‌. നാടിന്റെ വികസനമാണ്‌ പ്രധാനം. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതു തടയാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്‌. വന്യമൃഗങ്ങളെ കാട്ടില്‍നിന്നു തുരത്തി രാജ്യത്ത്‌ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കുമോയെന്നും മന്ത്രി റോഷി അഗസ്‌റ്റിന്‍ ചോദിച്ചു.

നംഉദ്യോഗസ്‌ഥര്‍ വെളളം കൊണ്ടുപോയി ആനകൾക്ക് വായില്‍ ഒഴിച്ച്‌ കൊടുക്കട്ടെയെന്ന് എം.എം.മണി

സീ പ്ലെയിന്‍ ഡാമില്‍ ഇറങ്ങി തിരിച്ചുപോയതുകൊണ്ട്‌ വന്യമൃഗങ്ങള്‍ക്ക്‌ എന്തു ശല്യമാണ്‌ ഉണ്ടാകുന്നതെന്ന്‌ എം.എം. മണി എം.എല്‍.എ. ചോദിച്ചു. കൂടുതല്‍ ബുദ്ധിമുട്ടാണെങ്കില്‍ വനംഉദ്യോഗസ്‌ഥര്‍ ആനകള്‍ക്ക്‌ വെള്ളം കാട്ടില്‍ത്തന്നെ കൊണ്ടുപോയി വായില്‍ ഒഴിച്ച്‌ കൊടുക്കട്ടെയെന്നും മണി പരിഹസിച്ചു. ഡാമുകള്‍ ജലം സൂക്ഷിക്കാനും ജല വിഭവങ്ങള്‍ സംരക്ഷിക്കാനുമുള്ളതാണ്‌. വനമാണ്‌ ആനകള്‍ക്ക്‌ വിഹരിക്കാനുള്ള ഇടമെന്നും എം.എല്‍.എ. പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →