ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ 8 വർഷത്തെ സേവനത്തിനുശേഷം ഇൻഡ്യയുടെ ചീഫ് ജസ്റ്റീസ് ഡി.വി.ചന്ദ്രചൂഡ് പടിയിറങ്ങി. 2024 നവംബർ 10 ഞായറാഴ്ചയാണ് അദ്ദേഹം ഔദ്യോഗികമായി വിരമിക്കുന്നത്. എന്നാൽ സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ അവസാന ദിവസം വെളളിയാഴ്ചയായിരുന്നു. .ചന്ദ്രചൂഡിനു പകരക്കാരനായി ജസ്റ്റീസ് സഞ്ജീവ് ഖന്ന 51-ാമത് ചീഫ് ജസ്റ്റീസായി നവംബർ 11 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ സഞ്ജീവ് ഖന്ന ആറുമാസക്കാലം നീതിയുടെ പരമോന്നതകോടതിയില്‍ ചീഫ് ജസ്റ്റീസ് സ്ഥാനം വഹിക്കും.
ഡല്‍ഹി സെന്റ് സ്റ്റീഫൻസ് കോളജില്‍നിന്നു നിയമബിരുദം
ഡല്‍ഹി സെന്റ് സ്റ്റീഫൻസ് കോളജില്‍നിന്നു നിയമബിരുദം നേടിയ സഞ്ജീവ് ഖന്ന നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയത് ഡല്‍ഹി സർവകലാശാലയിലെ കാമ്പസ് ലോ സെന്ററില്‍നിന്നാണ്. ഡല്‍ഹിയിലെ ഓരോ മുക്കും മൂലയും പരിചിതമായ സഞ്ജീവ് അഭിഭാഷകജീവിതം ആരംഭിച്ചത് 1983ല്‍ ബാർ കൗണ്‍സില്‍ ഓഫ് ഡല്‍ഹിയില്‍നിന്ന്. ഡല്‍ഹി തീസ് ഹസാരിയിലെ ജില്ലാ കോടതികളിലാണ് അദ്ദേഹം അഭിഭാഷകനായി പേരെടുത്തത്.
നേരിട്ടു സുപ്രീം കോടതി ജഡ്ജിയാകുന്ന ചുരുക്കം ജഡ്ജിമാരിലൊരാളാണു സഞ്ജീവ് ഖന്ന
2005ല്‍ ഡല്‍ഹി ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ സഞ്ജീവിനെ 2019ല്‍ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തി. മുതിർന്ന 32 ഹൈക്കോടതി ജഡ്ജിമാർ ഉണ്ടായിരുന്നിട്ടും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കൊളീജിയം സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജി പദവിയിലേക്ക് ശിപാർശ ചെയ്തത് ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ഒരു ഹൈക്കോടതിയിലും ചീഫ് ജസ്റ്റീസ് പദവി വഹിക്കാതെ നേരിട്ടു സുപ്രീം കോടതി ജഡ്ജിയാകുന്ന ചുരുക്കം ജഡ്ജിമാരിലൊരാളാണു സഞ്ജീവ് ഖന്ന.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ലോക്സഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ഇടക്കാല ജാമ്യം നല്‍കിയത് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയ നടപടി ശരിവച്ച ഭരണഘടനാബെഞ്ചിലും സഞ്ജീവ് ഖന്ന അംഗമായിരുന്നു
സുപ്രധാനമായ പല കേസുകളും നിയുക്ത ചീഫ് ജസ്റ്റീസായ സഞ്ജീവ് ഖന്നയുടെ പരിഗണനയിൽ
ഇലക്ടറല്‍ ബോണ്ട് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്ന സഞ്ജീവ് ഖന്ന തെരഞ്ഞെടുപ്പ് കടപ്പത്രം ഭരണഘടനാവിരുദ്ധമാണെന്ന വാദത്തോടു യോജിച്ചു. സുപ്രധാനമായ പല കേസുകളും നിയുക്ത ചീഫ് ജസ്റ്റീസായ സഞ്ജീവ് ഖന്നയുടെ പരിഗണനയിലാണ്. വൈവാഹിക ബലാത്സംഗം, കോല്‍ക്കത്ത ആർജി കർ ബലാത്സംഗം, ടെക് വന്പന്മാരായ ഗൂഗിളിനെതിരേ ഏർപ്പെടുത്തിയ ഭീമൻ പിഴയിലുള്ള ഹർജി തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ പുതിയ ചീഫ് ജസ്റ്റീസിന്റെ കാലയളവിലാണ് പരിഗ ണയ്ക്കു വരിക.
