ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച്‌ബിഷപ്പായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു.വിദേശത്തുനിന്നുള്‍പ്പെടെ ബിഷപ്പുമാരും സമര്‍പ്പിതരും വിശ്വാസികളും പങ്കെടുത്ത പ്രൗഢമായ സ്ഥാനാരോഹണച്ചടങ്ങിന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായിരുന്നു. സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തിലാണ് തിരുക്കര്‍മങ്ങൾ നടന്നത്. .വിരമിച്ച ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായി. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ ചടങ്ങില്‍ ആര്‍ച്ച് ഡീക്കനായിരുന്നു.
മാര്‍ ജോസഫ് പെരുന്തോട്ടം ആമുഖപ്രസംഗം നടത്തി
2024 ഒക്ടോബർ 31 ന് രാവിലെ ഒമ്പതിന് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ് ഹാളില്‍നിന്ന് ബിഷപ്പുമാര്‍ തിരുവസ്ത്രങ്ങളിഞ്ഞ് പ്രദക്ഷിണമായി പ്രത്യേകം തയാറാക്കിയ മദ്ബഹയിലെത്തിയതോടെ ആഹ്ലാദസൂചകമായി ആചാരവെടികളും പള്ളിമണികളും മുഴങ്ങി. മാര്‍ ജോസഫ് പെരുന്തോട്ടം ആമുഖപ്രസംഗം നടത്തി. ചാന്‍സലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി മാര്‍ തോമസ് തറയിലിന്‍റെ നിയമനപത്രം വായിച്ചു. തുടര്‍ന്ന് മാര്‍ തോമസ് തറയില്‍ മുടിയും അംശവടിയും ധരിച്ച് അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച്‌ബിഷപ്പായി പ്രത്യേക പീഠത്തില്‍ ഉപവിഷ്ടനായി.
പൊതുസമ്മേളനം ചേർന്നു
തുടര്‍ന്ന് മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുതിയ ഇടയന് അനുമോദനം അറിയിച്ചു. മാര്‍ തോമസ് തറയിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനമധ്യേ തിരുവനന്തപുരം ലത്തീന്‍ ആർച്ച്‌ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്‍കി.
നുണ്‍ഷ്യോ ആര്‍ച്ച്‌ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി ആശംസയര്‍പ്പിച്ചു. തിരുക്കര്‍മങ്ങളില്‍ അന്പത് ബിഷപ്പുമാരും നൂറുകണക്കിനു വൈദികരും സന്യസ്തരും അല്മായപ്രതിനിധികളും പങ്കുചേര്‍ന്നു. തുടര്‍ന്ന് മാർ തോമസ് തറയിലിനെ അനുമോദിക്കുന്നതിനും മാർ ജോസഫ് പെരുന്തോട്ടത്തിനു നന്ദിയർപ്പിക്കുന്നതിനുമായി പൊതുസമ്മേളനം ചേർന്നു