അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ തുണി ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 2024 ഒക്ടോബർ 26 ന് നഗരത്തിലെ നരോള്‍ ഇൻഡസ്ട്രിയല്‍ ഏരിയയിലെ ദേവി സിന്തറ്റിക്സിലാണ് സംഭവം. ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെ ഒമ്പത് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രവി മോഹൻ സൈനി അറിയിച്ചു.
രാവിലെ 10.30 ഓടെ പൊലീസിന് വിവരം ലഭിച്ചത്.
നരോളിലെ ഒരു ഫാക്ടറിയില്‍ വിഷവാതകം ചോർന്നതിനെത്തുടർന്ന് ഒമ്ബത് പേർക്ക് പരിക്കേറ്റതായും എല്‍.ജി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും രാവിലെ 10.30 ഓടെ പൊലീസിന് വിവരം ലഭിച്ചു. അവിടെ വെച്ചാണ് രണ്ട് പേർ മരിച്ചത് -അദ്ദേഹം പറഞ്ഞു. ഏഴു തൊഴിലാളികളില്‍ നാലു പേർ ഐ.സി.യുവിലാണ്. പ്രിന്‍റിങ്, ഡൈയിംഗ് എന്നിവക്കായി ഉപയോഗിക്കുന്ന ആസിഡ് ടാങ്കിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.
റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് പൊലീസ്
പൊലീസ്, ഫോറൻസിക്, വ്യാവസായിക സുരക്ഷ, ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൃത്യമായ കാരണം അന്വേഷിക്കാൻ തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാവസായിക സുരക്ഷ, ഫാക്ടറി എൻ.ഒ.സി മുതലായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
