ഡല്‍ഹി: ജർമനി, ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട 20,000ത്തില്‍നിന്ന് 90,000ആയി ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . ന്യൂഡല്‍ഹിയില്‍ നടന്ന 18-ാമത് ഏഷ്യ- പസഫിക് കോണ്‍ഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ജർമനിയുടെ തീരുമാനം അറിയിച്ചത്. ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സിന്‍റെ ത്രിദിന ഇന്ത്യൻ സന്ദർശനം ആരംഭിച്ചതിനുപിന്നാലെ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക കൈകോർക്കലുകള്‍ക്ക് തുടക്കമായി.
വിദഗ്ധരായ ഇന്ത്യൻ തൊഴിലാളികളെ ജർമനിക്ക് ആവശ്യമുണ്ടെന്ന് ഒലാഫ് ഷോള്‍സ്
ക്രമരഹിതമായ കുടിയേറ്റം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിദഗ്ധരായ ഇന്ത്യൻ തൊഴിലാളികളെ ജർമനിക്ക് ആവശ്യമുണ്ടെന്ന് ഒലാഫ് ഷോള്‍സ് അറിയിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുക യാണെന്നും ഏഷ്യ-പസഫിക് കോണ്‍ഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് ഒലാഫ് ഷോള്‍സ് പറഞ്ഞു.
ഇന്ത്യയുമായി കൂടുതല്‍ അടുത്തു സഹകരിക്കാൻ തയാർ
മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ ജർമൻ ചാൻസലർ പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യുക്രെയ്ൻ, മധ്യപൂർവേഷ്യ സംഘർഷങ്ങളും ചർച്ച ചെയ്തു. ഇന്ന് പ്രതിരോധം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിലും സുപ്രധാന ചർച്ചകള്‍ നടത്തും. പ്രതിരോധരംഗത്ത് ഇന്ത്യയുമായി കൂടുതല്‍ അടുത്തു സഹകരിക്കാൻ തയാറാണെന്ന് ജർമൻ ചാൻസലർ വ്യക്തമാക്കി
