ഇൻഡിഗോ വിമാന കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി

.കണ്ണൂർ: ടിക്കറ്റിന് അധിക വില ഈടാക്കിയ ഇൻഡിഗോ വിമാന കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി. അഞ്ചു മാസം മുമ്പ് ബുക്ക് ചെയ്തു വാങ്ങിയ ടിക്കറ്റിന് യാത്ര പുറപ്പെടുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ വിറ്റ ടിക്കറ്റ് വിലയേക്കാളും കൂടുതൽ തുക ഈടാക്കിയതാണ് തിരിച്ചടിയായത്. ഇൻഡിഗോ കമ്പനി അധികമായി ഈടാക്കിയ സംഖ്യയും നഷ്ട‌പരിഹാരവും കോടതിച്ചെലവും , യാത്രക്കാർക്ക് ,നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചു.

നഷ്ടപരിഹാകം അടക്കം ആകെ 2,22,000 രൂപ നൽകാൻ വിധി

യാത്രക്കാരിൽ നിന്നും അധികമായി ഈടാക്കിയ 1,12,000 രൂപയും നഷ്ട പരിഹാരമായി 1,00,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും അടക്കം ആകെ 2,22,000 രൂപ ഒരു മാസത്തിനകം പരാതിക്കാർക്ക് വിമാന കമ്പനിയും ട്രാവല്‍ ഏജന്റും കൂടി നല്‍കണമെന്നാണ് വിധി. അല്ലാത്ത പക്ഷം 2,12,000 രൂപയ്ക്ക് ഒൻപത് ശതമാനം വാർഷിക പലിശ നല്‍കണമെന്നുമാണ് വിധിയിലുളളത്. രവി സുഷ, പ്രസിഡന്റ് മോളി കുട്ടി മാത്യു, കെ.പി. സജീഷ് എന്നിവർ അംഗങ്ങളായ കണ്ണൂർ ജില്ല ഉപഭോക്തൃ കോടതിയാണ് വിധിപറഞ്ഞത്.

വഞ്ചനയും അന്യായമായ വ്യാപാര സമ്പ്രദായവും

2022 ഡിസംബർ 16ന് ദോഹയില്‍ നടന്ന ലോകകപ്പ് ഫുട്‌ബാള്‍ മത്സരം കാണാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത കണ്ണൂരിലെ അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, അഡ്വ. മുഹമ്മദ് സയ്യിദ് ഖുതുബ്, മാസിയ അബ്ദുല്‍ സലാം, ഗുല്‍ബുദ്ദീൻ ഇഖ്‌മത്യാർ എന്നിവർ നല്‍കിയ പരാതിയിലാണ് ഉത്തരവ്. വലിയ ഇളവ് കിട്ടുമെന്നതിനാലാണ് പരാതിക്കാർ ടിക്കറ്റുകള്‍ നേരത്തേ ബുക്ക് ചെയ്തത്. എന്നാല്‍, യാത്രചെയ്ത ദിവസം ഇതേ വിമാനത്തില്‍ ദോഹയിലേക്കും തിരിച്ച്‌ നാട്ടിലേക്കും യാത്ര ചെയ്തവരില്‍ നിന്നുമാണ് തങ്ങള്‍ കൊടുത്ത ടിക്കറ്റ് നിരക്കിനെക്കാളും വളരെ കുറവ് സംഖ്യ മാത്രമാണ് പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരോട് വിമാന കമ്പനി ഈടാക്കിയിട്ടുള്ളൂവെന്ന് മനസ്സിലായത്.ഇത് വഞ്ചനയും അന്യായമായ വ്യാപാര സമ്പ്രദായമാണെന്നും പരാതിക്കാർ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →