പാലക്കാട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവർക്കെതിരേ ആഞ്ഞടിച്ച് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ കണ്‍വീനർ ഡോ.പി. സരിന്‍. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിനു കാരണം വി.ഡി. സതീശനാണെന്നും പ്രതിപക്ഷനേതാവായത് അട്ടിമറിയിലൂടെയാണെന്നും സരിന്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനങ്ങള്‍ തകര്‍ന്നു.
ഞാനാണു രാജ്യമെന്നു വിളിച്ചുപറഞ്ഞ ചക്രവര്‍ത്തിയെപ്പോലെയാണു സതീശൻ. കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനങ്ങള്‍ തകര്‍ന്നു. പാര്‍ട്ടിയെ സതീശന്‍ ഹൈജാക്ക് ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സതീശന്‍ എങ്ങനെ പ്രതിപക്ഷനേതാവായെന്നു മാധ്യമങ്ങള്‍ ഇനിയെങ്കിലും അന്വേഷിക്കണം. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഫോറങ്ങള്‍ ഇല്ല. തോന്നുന്നപോലെ കാര്യങ്ങള്‍ നടക്കുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തകര്‍ക്ക് അധികം പ്രതീക്ഷ വേണ്ടെന്നും സരിന്‍ പറഞ്ഞു.
പ്രതിപക്ഷനേതാവിനു താന്‍ കണ്ണിലെ കരടാണെന്ന് സരിൻ
വടകരയില്‍ ഷാഫി പറമ്പിലിനെ സ്ഥാനാര്‍ഥിയാക്കിയതു ബിജെപിയെ സഹായിക്കാനാണെന്ന് ആരോപിച്ച സരിന്‍, പ്രതിപക്ഷനേതാവിനു താന്‍ കണ്ണിലെ കരടാണെന്നും പറഞ്ഞു. വടകര സീറ്റില്‍ സിപിഎമ്മിനെ തോല്പിക്കാന്‍ പാലക്കാട്ടുനിന്ന് ആളെ കൊണ്ടുപോയി. ഇതിന്‍റെ ഗുണം ബിജെപിക്കാണെന്നു മനസിലായിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
കാമറയുടെ മുന്നിലല്ല ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പോകേണ്ടത്..
ഒരാഴ്ച മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും വളര്‍ന്നുവരുന്ന കുട്ടിസതീശനാണു രാഹുലെന്നും സരിന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ആരുമറിയാതെ പോയി പ്രാര്‍ഥിച്ചു വന്നയാളാണ് ഞാന്‍. കാമറയുടെ മുന്നിലല്ല ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പോകേണ്ടത്. ഷാഫി വടകരയില്‍ സ്ഥാനാര്‍ഥിയായ ഉടനെതന്നെ രാഹുല്‍ വോട്ടു ചോദിച്ചുതുടങ്ങിയെന്നും സരിന്‍ ആരോപിച്ചു.സരിൻ പാലക്കാട്ട് ഇടതു സ്വതന്ത്ര സ്ഥാനാർഥിയായേക്കുമെന്നാണു റിപ്പോർട്ട്.