വയനാട് ദുരന്തം : കൂടുതൽ കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം ലഭിക്കുമെന്നു ശുഭപ്രതീക്ഷ തന്നെയാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഈ വർഷം ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭിച്ചിട്ടുണ്ട്.എന്നാല്‍ അധിക അടിയന്തര സാമ്പത്തിക സഹായം കേന്ദ്രത്തില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടല്ല. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം വേഗത്തില്‍ ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ട് ടി. സിദ്ദിഖ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന്‍റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പുനരധിവാസ പാക്കേജില്‍ ജീവനോപാധികൾ ഉറപ്പാക്കും

പുനരധിവാസത്തിന്‍റെ ഭാഗമായി ഭാവിയില്‍ രണ്ടാമത്തെ നില കൂടി പണിയുന്നതിനു സൗകര്യമുള്ള രീതിയില്‍ 1000 ചതുരശ്രയടിയുള്ള ഒറ്റനില വീടുകളാണ് ടൗണ്‍ഷിപ്പുകളില്‍ നിർമിക്കാനുദ്ദേശിക്കുന്നത്. പുനരധിവാസ പാക്കേജില്‍ ജീവനോപാധികളും ഉറപ്പാക്കും. വനിതകള്‍ക്ക് അവർക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം നല്കും. കർഷകർക്ക് കൃഷി ചെയ്യാനുള്ള സൗകര്യവും പാക്കേജിന്‍റെ ഭാഗമായി പരിഗണിക്കും. രണ്ടു ടൗണ്‍ഷിപ്പിലും കൂടി ഏകദേശം 1000 വീടുകള്‍ പണിയുവാനാണു ലക്ഷ്യം വയ്ക്കുന്നത്.എന്നാല്‍ ഉരുള്‍പൊട്ടല്‍ ബാധിതപ്രദേശങ്ങളില്‍ പാർക്കുന്ന കുടുംബങ്ങളുടെ സമ്പൂർണ പുനരധിവാസം വേണ്ടിവരുന്ന എണ്ണം പൂർണമായി തിട്ടപ്പെടുത്തിയതിനു ശേഷം കൂടുതല്‍ വീടുകള്‍ നിർമിക്കേണ്ടി വന്നാല്‍ അതിനുള്ള പ്രത്യേക പദ്ധതികള്‍ തയാറാക്കും.

പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിർമാണങ്ങളെല്ലാം

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിർദേശിച്ചിട്ടുള്ള പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും എല്ലാ നിർമാണങ്ങളും നടത്തുന്നത്. സർവേ നടപടികള്‍ക്കായി ടെൻഡർ ക്ഷണിച്ചു. സർക്കാർ അനുമതി ലഭ്യമായശേഷം ഒരാഴ്ചക്കകം പദ്ധതികള്‍ ടെൻഡർ ചെയ്യും.
ഡിസംബർ 31 ഓടെ ടെൻഡർ നടപടികള്‍ പൂർത്തീകരിക്കുവാൻ സാധിക്കും എന്ന് കരുതുന്നു.

എംപിമാരുടെ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വരെ വിനിയോ​ഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി

ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷ രൂപ വരെ വിനിയോഗം ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നല്കിയിട്ടുണ്ട്. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ദുരിതാശ്വാസത്തിനായി തുക വിനിയോഗിക്കുന്നതു സംബന്ധിച്ച്‌ പ്രത്യേകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →