ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെനി ബ്ലാക്കിന്‍റെ പ്രദർശനമൊരുക്കി ഡോ. കെ. ജയപ്രകാശ്.

തൃശൂർ: ഒക്ടോബർ 9 ദേശീയ തപാൽദിനം. ഈ തപാല്‍ദിനത്തില്‍ ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെനി ബ്ലാക്കിന്‍റെ പ്രദർശനമൊരുക്കി ഡോ. കെ. ജയപ്രകാശ്. ഒക്ടോബർ 9ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിലാണു പ്രദർശനം.16 സ്റ്റാമ്പുകളടങ്ങുന്ന ഷീറ്റാണു പ്രദർശിപ്പിക്കുക. ഇതോടൊപ്പം തന്‍റെ അഞ്ചാംവയസു മുതല്‍ ആരംഭിച്ച ശേഖരത്തിലുള്ള പതിനായിരത്തോളം സ്റ്റാമ്പുകളും പ്രദർശനത്തിനുണ്ടാകും. ഫിലാറ്റലിക് ക്ലബ് തൃശൂരാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.

1840 മേയ് ആറിനു പെനി ബ്ലാക്ക് ജനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി

1840 മേയ് ഒന്നിനാണു കറുത്ത മഷികൊണ്ട് വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പ് ബ്രിട്ടൻ പുറത്തിറക്കിയത്. വയണ്‍ മെഡലിലെ ചിത്രത്തെ ആസ്പദമാക്കിയാണ് ചാള്‍സ് ഹീത്തും മകൻ ഫ്രെഡറിക്കും ചേർന്ന് പെനി ബ്ലാക്കിനായി രാജ്ഞിയുടെ ചിത്രം രൂപകല്പന ചെയ്തത്. സ്റ്റാമ്പില്‍ പോസ്റ്റേജ് എന്നും ഇംഗ്ലീഷില്‍ അച്ചടിച്ചിരിക്കുന്നു. മേയ് ആറിനു പെനി ബ്ലാക്ക് ജനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. 12 സ്റ്റാമ്പുകള്‍ക്ക് ഒരു ഷില്ലിംഗായിരുന്നു വില. മേയ് എട്ടിനു നീലമഷികൊണ്ട് അച്ചടിച്ച സ്റ്റാമ്പും പുറത്തിറങ്ങി. 1841 ഫെബ്രുവരിയില്‍ പെനി റെഡ് പുറത്തിറങ്ങിയതോടെ പെനി ബ്ലാക്കിന്‍റെ ഉപയോഗം കുറഞ്ഞു. 1819ല്‍ ജേക്കബ് പെർക്കിൻസിന്‍റെ അച്ചടിയന്ത്രത്തില്‍ 11 ലേറ്റുകള്‍ ഉപയോഗിച്ചാണ് പെനി ബ്ലാക്ക് ഔദ്യോഗികമായി അച്ചടിച്ചിരുന്നത്. ഈ യന്ത്രം ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ആകെ 6,88,08,000 പെനി ബ്ലാക്ക് സ്റ്റാമ്പുകളാണ് അച്ചടിച്ചിട്ടുള്ളത്.

ലോകത്തെ ഏറ്റവും മൂല്യമുള്ള സല്‍വദോർ മുന്തിയെന്ന യേശുചിത്രവും ഡോ. ജയപ്രകാശിനു സ്വന്തം

വത്തിക്കാനില്‍ 1929ല്‍ പുറത്തിറങ്ങിയ ആദ്യസ്റ്റാമ്പടക്കം 2024ല്‍ ഇറങ്ങിയ സ്റ്റാമ്പും ഡോക്ടറുടെ ശേഖരത്തിലുണ്ട്. ലോകത്തെ ഏറ്റവും മൂല്യമുള്ള സല്‍വദോർ മുന്തിയെന്ന യേശുചിത്രവും ഡോ. ജയപ്രകാശിനു സ്വന്തമാണ്. ചിത്രകല – കരകൗശലവസ്തുക്കളുടെ ലേലക്കമ്പനിയായ ലണ്ടൻ ആസ്ഥാനമായ ക്രിസ്റ്റീസില്‍നിന്നു നേരിട്ടുവാങ്ങിയ പകർപ്പാണിത്.

ഒറ്റപ്പാലം സർക്കാർ ആശുപത്രിയില്‍നിന്നു വിരമിച്ച ഡോ. കെ. ജയപ്രകാശ് തൃശൂർ ചെമ്പൂക്കാവില്‍ ടൗണ്‍ഹാളിനു പിൻവശത്തുള്ള സങ്കീർത്തനത്തിലാണ് താമസിക്കുന്നത്. അമല ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായ ഡോ. പി.എസ്. രമണിയാണു ഭാര്യ. യുകെയില്‍ ഐടി പ്രഫഷണലായ മുരളികൃഷ്ണൻ മകനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →