ഇടുക്കി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടയം തരപ്പെടുത്തി നല്‍കുന്നതിനും സർവ്വേ നടപടികള്‍ക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുളളതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി . പട്ടയ നടപടികളുടെ മറവില്‍ ഇടനിലക്കാർ നടത്തുന്ന ഇത്തരം തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്നും ഇത്തരക്കാരെ ഒഴിവാക്കണമെന്നും ജില്ലാകളക്ടർ നിർദേശിച്ചു.
അറിവില്ലായ്മ മുതലെടുത്ത് വൻ തുകകള്‍ തട്ടിയെടുക്കുന്നതായി വിവരം
അറിവില്ലായ്മ മുതലെടുത്ത് കബളിപ്പിലൂടെ പിരിവ് നടത്തുന്നതായും വൻ തുകകള്‍ തട്ടിയെടുക്കുന്നതായുമാണ് വിവരം. പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ പൊലീസ് ,റവന്യു അധികാരികളെ അറിയിക്കേണ്ടതാണ്. സർക്കാർ നടപടികളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കും. പട്ടയം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ, ഇടനിലക്കാരെ ഒഴിവാക്കി ബന്ധപ്പെട്ട പട്ടയ ഓഫീസിലെ തഹസീല്‍ദാരുമായി നേരിട്ട് ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികള്‍ അന്വേഷിച്ച് ഉറപ്പാക്കേണ്ടതാണ്.
യാതൊരുവിധ പണമിടപാടുകള്‍ക്കും ജനങ്ങള്‍ കൂട്ട്നില്‍ക്കരുത്.
പട്ടയ ഓഫീസുകളില്‍ നിന്നും അറിയിക്കുന്നത് പ്രകാരം , സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമാനുസൃത തുക മാത്രം ട്രഷറിയില്‍ അടച്ച് രസീത് ഹാജരാക്കിയാല്‍ മതിയാകും. പട്ടയ , സർവ്വേ നടപടികളുമായി ബന്ധപ്പെട്ട് മറ്റ് യാതൊരുവിധ പണമിടപാടുകള്‍ക്കും ജനങ്ങള്‍ കൂട്ട്നില്‍ക്കരുത്. ഇത്തരത്തില്‍ അനധികൃത നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ പരാതിപ്പെടണമെന്നും കളക്ടർ അറിയിച്ചു.
