പ്രതിഷേധത്തിന് നേർക്ക് മുഷ്‌ടി മടക്കി നടന്നടുക്കുന്ന വി.ശിവൻകുട്ടി: അരുതെന്ന് സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസമായ സെപ്തംബർ 7ന് ആരോപണപ്രത്യാരോപണങ്ങളാല്‍ കലുഷിതമായിരുന്നു.പ്രതിപക്ഷം സ്പീക്കറുമായും മുഖ്യമന്ത്രിയുമായും ഇടഞ്ഞു. സ്പീക്കർക്ക് നേരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തി.ഇതിനിടെ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെ മുഷ്‌ടി മടക്കി നടന്നടുത്ത വി.ശിവൻകുട്ടി.വി. ശിവൻകുട്ടിയെ തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

അരുതെന്ന് സൂചന നല്‍കി മുഖ്യമന്ത്രി

ചോദ്യത്തോര വേളയില്‍ സഭയില്‍ പ്രതിഷേധം കനക്കവെ മുഖ്യമന്ത്രിക്ക് കാവല്‍ എന്നോണം ശിവൻകുട്ടി അദ്ദേഹത്തിന്റെ അടുത്ത് നിലയുറപ്പിക്കുകയായിരുന്നു. പെട്ടെന്ന് പ്രതിഷേധത്തിന് നേർക്ക് മുഷ്‌ടി മടക്കി നടന്ന ശിവൻകുട്ടിയെ പ്രസംഗം വായിക്കുന്നതിനിടയില്‍ തന്നെ മുഖ്യമന്ത്രി തടയുകയായിരുന്നു. ശിവൻ കുട്ടിയുടെ കൈയില്‍ തട്ടിയ മുഖ്യമന്ത്രി അരുതെന്ന് സൂചന നല്‍കിയതിനെ തുടർന്ന് ഉടൻ തന്നെ ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങുകയും ചെയ്തു.

ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കർ ചോദിച്ചതാണ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. മാത്യു കുഴല്‍നാടൻ ഡയസിന് മുന്നില്‍ നിന്ന് മാറാതെ വന്നപ്പോഴായിരുന്നു സ്പീക്കർ എ.എൻ ഷംസീർ ഈ ചോദ്യം ഉയർത്തിയത്. തുടർന്ന് സ്പീക്കറുടെ പക്വതയില്ലായ്‌മ കൊണ്ടാണ് ആ ചോദ്യം ചോദിച്ചതെന്ന് വി.ഡി സതീശൻ മറുപടി നല്‍കി. ഒരു സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണെന്ന് പറഞ്ഞ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു.

അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദം ഓതും പോലെ

അതിരൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയില്‍ നേർക്കുനേർ ആരോപണങ്ങളുന്നയിച്ചത്. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ വിളിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണെന്നും ജനം എന്താണ് ചിന്തിക്കുന്നതെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദം ഓതും പോലെയാണെന്നും സതീശൻ പരിഹസിച്ചു.

പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി

പിന്നാലെ രൂക്ഷഭാഷയില്‍ മുഖ്യമന്ത്രിയും മറുപടി നല്‍കി. നിങ്ങള്‍ക്ക് നിലവാരമില്ലെന്നും എന്നെ അഴിമതിക്കാരനാക്കാൻ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. സമൂഹത്തിന് മുന്നില്‍ പിണറായി വിജയൻ ആരാണെന്നും സതീശൻ ആരാണെന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചത് കാര്യങ്ങള്‍ കൈയാങ്കളിയിലേക്ക് നീക്കി. വാച്ച്‌ ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ കസേരയുടെ അടുത്തെത്തി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസില്‍ കയറി. ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →