ഗാസ : ഗാസയിൽ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം . ഗാസയില്‍ അല്‍-അഖ്‌സ രക്തസാക്ഷി പള്ളിക്കും ബ്‌നു റുഷ്ദ് സ്‌കൂളിനും നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടു.നൂറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്കും ഒഴിപ്പിക്കപ്പെട്ടവർക്കും അഭയം നല്‍കിയ പള്ളിയും സ്കൂളുമാണ് ആക്രമിച്ചതെന്ന് പാലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്രമണം ഇസ്രയേല്‍ സേനയും സ്ഥിരീകരിച്ചു. പ്രദേശത്തെ ഹമാസിന്റെ കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെന്ററിനെയാണ് ആക്രമിച്ചതെന്നും ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.ഇസ്രയേൽ-ഗാസ സംഘർഷം ആരംഭിച്ചിട്ട് 2024 ഒക്ടോബർ 7ന് ഒരു വർഷം തികയുകയാണ്.
ലെബനനിലും ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു.
തെക്കൻ ലെബനനില്‍ ആശുപത്രിക്ക് പുറത്ത് വ്യോമാക്രമണത്തില്‍ ഏഴ് പാരാമെഡിക്കല്‍ ജീവനക്കാർ കൊല്ലപ്പെട്ടു. മുന്നറിയിപ്പില്ലാതെയാണ് ഇസ്രയേല്‍ ആശുപത്രികള്‍ ആക്രമിച്ചതെന്ന് പരാതിയുണ്ട്. ഭയം കാരണം ആംബുലൻസ് ജീവനക്കാർ സർവീസ് നിർത്തിയതോടെ പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാനാവുന്നില്ലെന്ന് മർജയൂണ്‍ ആശുപത്രി ഡയറക്ടർ പറഞ്ഞു.ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികള്‍ക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയും അറിയിച്ചിരുന്നു.
ഗാസയിലും ലെബനനിലും വെടിനിർത്തലിന് ആഹ്വാനം ചെയ്ത് പ്രകടനം
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ വാർഷികമായ ഇന്നലെ ലോകമെങ്ങും പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി. ഗാസയിലും ലെബനനിലും വെടിനിർത്തലിന് പ്രകടനക്കാർ ആഹ്വാനം ചെയ്തു. അമേരിക്ക, ഇസ്രയേലിന് ആയുധങ്ങളും സഹായങ്ങളും നല്‍കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് 1,000-ത്തിലധികം പേർ വൈറ്റ് ഹൗസിന് പുറത്ത് പ്രകടനം നടത്തി. ഗാസയില്‍ 42,000-ത്തോളം പേർ കൊല്ലപ്പെട്ട സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്പ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, റോം എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് പാലസ്തീൻ അനുകൂലികള്‍ ഒത്തുകൂടി. ഫിലിപ്പീൻസില്‍ യു.എസ് എംബസിക്ക് സമീപം ജനങ്ങള്‍ യു.എസ് പതാക കീറി പ്രധിഷേധിച്ചു