തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം വൻ ലാഭം ലക്ഷ്യമിട്ട് ബി.എസ്.എൻ.എല്‍ കേരള സർക്കിള്‍. മറ്റ് സർവ്വീസ് ദാതാക്കള്‍ക്കില്ലാത്ത കുറഞ്ഞ ചെലവിലെ സ്മാർട്ട് ഹോം പദ്ധതി മുതല്‍ സർവ്വത്ര വരെ വിവിധ പദ്ധതികളിലൂടെ കേരളത്തില്‍ ഈ വർഷം വൻകുതിപ്പ് നടത്തുമെന്ന്
ചീഫ് ജനറല്‍ മാനേജർ ബി. സുനില്‍ കുമാർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. മറ്റ് സേവനദാതാക്കള്‍ നിരക്ക് കൂട്ടിയതോടെ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ബി.എസ്.എൻ.എല്ലിലേക്ക് മാറിയവരുടെ എണ്ണം സംസ്ഥാനത്ത് 1.7ലക്ഷമായി. ഈ മാറ്റം തുടരുകയാണ്.ഇത് ബി.എസ്.എൻ.എല്ലിന് വൻ കുതിപ്പേകുമെന്നും അദ്ദേഹം പറഞ്ഞു.
നാലിലൊന്ന് ബി.എസ്.എൻ.എല്‍ ഉപഭോക്താക്കള്‍
നിലവില്‍ സംസ്ഥാനത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ 25.2% പേരും ബി.എസ്.എൻ.എല്ലാണ് ഉപയോഗിക്കുന്നത്. അതിവേഗ ഇന്റർനെറ്റ് നല്‍കുന്ന എഫ്.ടി.ടി.എച്ചും 4 ജി വ്യാപനവും ബി.എസ്.എൻ.എല്ലിന് വൻ സ്വീകാര്യതയാണ് നല്‍കുന്നത്. സംസ്ഥാനത്തെ 7000 മൊബൈല്‍ ടവറുകളില്‍ 2500ഉം 4ജിയിലേക്ക് മാറ്റികഴിഞ്ഞു. 2048 സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്കായി വൈഫൈ ഹോട്ട് സ്പോട്ട് നല്‍കുന്നുണ്ട്.
