കോഴിക്കോട്: . ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് സെപ്തംബർ 27 വെളളിയാഴ്ച രാത്രി 2.45 മണിയോടെ കാസർകോട്ടെത്തി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ കലക്ടർ കെ. ഇംബശേഖരനും ജില്ലാ പോലീസ് മേധാവി ശില്പയും മൃതദേഹത്തിൽ റീത്ത് വെച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
ഡി.എൻ.എ. പരിശോധനയിൽ ഷിരൂർ പുഴയിയിലെ ട്രക്കിൽ നിന്നും കണ്ടെടുത്ത മൃതദേഹം അർജുൻ്റേതെന്ന് സ്ഥിരീകരിച്ചിരുന്നു. സഹോദരൻ അഭിജിത്തിൻ്റെ ഡിഎൻഎയുമായി ഒത്ത് നോക്കി പരിശോഗിച്ചാണ് ഇത് ഉറപ്പ് വരുത്തിയത്. മൃതദേഹം ഡിഎൻഎ നടപടികൾക്ക് ശേഷം അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ, അനുജൻ അഭിജിത്ത് എന്നിവർ ചേർന്ന് കാർവാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
അർജുൻ സ്ഥിരമായി ലോറി ഓടിച്ചു വന്ന വീഥിയിലൂടെ അന്ത്യയാത്രയും
കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ നിരവധി പേർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി. സിപിഎം ഏരിയ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ്, ഓട്ടോ റിക്ഷ നൈറ്റ് യൂണിയൻ സെക്രട്ടറി കെ സുകുമാരൻ തുടങ്ങിയവരും റീത്ത് വെച്ച് അന്ത്യോപചാരം അർപ്പിച്ചു. അർജുൻ സ്ഥിരമായി ലോറി ഓടിച്ചു വന്ന വീഥിയിലൂടെയാണ് അന്ത്യയാത്രയും എന്നത് എല്ലാവരെയും കണ്ണീരണിയിച്ചു.
മൃതദേഹവുമായി ആംബുലൻസ് ശനിയാഴ്ച പുലർച്ചെ എട്ട് മണിയോടെ കോഴിക്കോട്ടേ വീട്ടിലെത്തിക്കും. കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഈശ്വർ മൽപേയും ഒപ്പമുണ്ട്.അർജുന്റെ മൃതദേഹവുമായി പുറപ്പെട്ട ആംബുലൻസിനെ കോഴിക്കോട് വരെ കാർവാർ പൊലീസ് അനുഗമിക്കും. കാസർകോട് മഞ്ചേശ്വരം തൊട്ട് ജില്ലയിൽ മൃതദേഹം കടന്നു പോകുപോകുന്ന എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള പൊലീസും ആംബുലൻസിനെ അനുഗമിക്കും.
വീട്ടുവളപ്പിൽ സംസ്കരിക്കാൻ തീരുമാനം
രാവിലെ പൂളാടിക്കുന്നിൽ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കാനാണ് തീരുമാനം. ജനങ്ങൾ ഒഴുകിയെത്താൻ സാധ്യതയുള്ളതിനാൽ ഗതാഗത ക്രമീകരണം അർജുൻ്റെ നാട്ടിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഉടുപ്പിയിലെ മലയാളി സമാജം പ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചു. ഇവിടുത്തെ മലയാളികൾ തയ്യാറാക്കി നൽകിയ പേടകത്തിലാണ് അർജുൻ്റെ മൃതദേഹം പൊതുദർശനത്തിനായി വെക്കുക