നാടക സീരിയൽ രംഗങ്ങളിൽ കരുത്തുറ്റ രചനകളുമായി നിറഞ്ഞു നിന്ന കെ സി ജോർജ്ജിനെ പറ്റി പ്രൊഫൽണൽ നാടക രചയിതാവും സംവിധായകനുമായ ഫ്രാൻസിസ് ടി മാവേലിക്കര ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി.
“ജോർജു പോയി.
കെ.പി.എ സിയുടെ കനക ജൂബിലി വർഷം ഞാനും വള്ളിക്കാവു മോഹൻദാസും കൂടി അതുവരെയുള്ള കെ പി എ സിയുടെ ചരിത്രം പ്രദർശനത്തിനായി ഒരുക്കുമ്പോൾ സുബൈർ അവിടേക്കു കയറി വന്നു.
ഒപ്പം ഒരു കുട്ടിയും സുബൈർ പറഞ്ഞു , ഓച്ചിറ സരിഗക്കു നാടകമെഴുതുന്ന നാടകകൃത്താ ; ചിരിച്ചു നിൽക്കുന്ന കുട്ടിയാട് ഞാൻ ചോദിച്ചു ; എന്താ പേരു . ജോർജ് കട്ടപ്പന , അവൻ പറഞ്ഞു.
അവൻ്റെ വളർച്ചയുടെ വഴികളിൽ പിന്നെ പലവുര കണ്ടു . അവസാനം കഴിഞ്ഞ വർഷം മികച്ച നാടക കൃത്തായി തെരഞ്ഞെടുത്തപ്പോൾ വിളിച്ചഭിനന്ദിച്ചു.
ഒടുവിൽ മിണ്ടിയതു അങ്ങനെ …
ഇന്നലെ രാത്രി പതിനൊന്നു കഴിഞ്ഞു ഹേമന്ദ് വിളിച്ചു പറഞ്ഞു ; ജോർജു പോയി എന്നു
മരണം അങ്ങനാ വന്നു തൊട്ടു വിളിച്ചു പറയും.
” വാ പോകാം ” ; മനസ്സു നിറയെ കഥകളുണ്ടു എഴുതി തീർത്തിട്ടു വരാം , എന്നു പറയാൻ .
അവസരമില്ല . മരണം ജയിച്ചു.
അതങ്ങനാ അന്തിമ വിജയം അവനാ.
ജോർജിനു ഉമ്മ”
ഇടുക്കി മലയോരത്തിൽ നിന്നും തുടങ്ങി കേരളത്തിന്റെ പ്രൊഫഷണൽ നാടക രംഗത്ത് എഴുത്തുകാരനെന്ന മുദ്ര പതിപ്പിച്ച കെ സി ജോർജ്ജിന്റെ ജീവിതത്തിന് തിരശീല വീണു. അമ്പത്തിയൊന്നാമത്തെ വയസിൽ.
ഇടുക്കിയുടെ സ്വന്തം നാടക രചയിതാവ് കെ.സി.എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കെ സി ജോര്‍ജ് മൗലികവും കാലികവുമായ രചനാ വൈഭവത്തിലൂടെ നാടകഭൂപടത്തില്‍ സ്വന്തം ഇടം കണ്ടെത്തിയ ഇടുക്കിക്കാരനാണ്. രോഗബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം.
മികച്ച നാടകങ്ങള്‍ക്കുളള പുരസ്‌കാരം
സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പ്രൊഫഷണല്‍ നാടക മത്സര വിജയികളില്‍ മികച്ച നാടകത്തിലുളള പുരസ്‌കാരം ലഭിച്ചത് കെസി ജോര്‍ജിനാണ്. കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍സിന്റെ ചന്ദ്രികാവസന്തം എന്ന നാടകമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 2010ല്‍ കോഴിക്കോട് സാഗര്‍കമ്മ്യൂണിക്കേഷന്‍സിന്റെ സാഗര്‍ ഒരു കുടുംബനാഥന്‍ എന്ന നാടകത്തിനും മികച്ച നാടകകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. 2005ല്‍ ഓച്ചിറ സരിഗയുടെ അതിരുകളില്ലാത്ത ആകാശം എന്ന നാടകത്തിലൂടെയാണ് .പ്രഫഷണല്‍ നാടക രംഗത്തെത്തുന്നത്. അമ്പതിലധികം പ്രൊഫഷണല്‍ നാടകങ്ങള്‍ കെസിയുടേതായിട്ടുണ്ട്. പ്രൊഫഷണല്‍ നാടക വേദിയില്‍ ആദ്യമായി അഞ്ചുകഥകള്‍ ഒരൊറ്റ നാടകമാക്കി അരങ്ങിലെത്തിച്ചതിന്റെ കീര്‍ത്തിയും കെ.സിക്ക് സ്വന്തം.
സ്‌കൂള്‍ നാടകങ്ങളില്‍ തുടക്കം
കട്ടപ്പനയ്‌ക്കുസമീപം വലിയപാറയിലുളള കലാരഞ്ജിനി വായനശാല കേന്ദ്രീകരിച്ചായിരുന്നു കെ.സിയുടെ ആദ്യകാല നാടക പ്രവര്‍ത്തനങ്ങള്‍. സ്‌കൂള്‍-കോളേജ് പ്രാദേശിക സമിതികള്‍ക്കുവേണ്ട നാല്‍പതോളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. സഹപാഠികളായിരുന്ന എം.സി ബോബന്‍, ജി.കെ. പന്നാംകുഴി, ജെയ്‌മോന്‍, പീലിപ്പോസ് എന്നിവരായിരുന്നു നാടക രംഗത്തെ കെസിയുടെ സൗഹൃദ വലയത്തില്‍ പെട്ടവര്‍. വലിയപാറയിലുളള ജെയ്‌മോന്റെ വീടായിരുന്നു റിഹേഴ്‌സലിനായി തെരഞ്ഞെടുത്തിരുന്നത് . അക്കാലത്തെ കട്ടപ്പനയിലെ നാടക പ്രതിഭയായിരുന്ന എംസി കട്ടപ്പനയുടെ സഹായങ്ങളും ധാരാളമായി ലഭിച്ചിരുന്നു. തങ്ങള്‍ ഇടുക്കിക്കാരായതിനാലാണ് കലാരംഗത്ത് ശോഭിക്കാന്‍ കഴിയാതെ വിശ്വസിച്ചിരുന്ന കാലത്താണ് മലയോരത്തുനിന്ന് ഈ നാടക പ്രതിഭ ഉദിച്ചുയര്‍ന്നത്.
കുടുംബ പാശ്ചാത്തലം
1950 കളില്‍ ഹൈറേഞ്ചിലെ കുടിയേറ്റങ്ങളുടെ ആദ്യകാലത്ത് കട്ടപ്പന സെന്റ് ജോര്‍ജ് പളളിക്ക് സമീപത്തായി അമ്പലക്കവല റോഡില്‍, ഇപ്പോഴത്തെ സെന്റ് മാര്‍ത്താസ് കോണ്‍വന്റ് സ്‌കൂള്‍ ഉള്‍പ്പടുന്ന പ്രദേശത്ത്, താമസമാക്കിയവാരാണ് കുമ്പുക്കല്‍ കുടുംബം. കുമ്പുക്കല്‍ കുടുംബത്തിലെ ചാക്കോ-മറിയക്കുട്ടി ദമ്പതികളുടെ ആറുമക്കളില്‍ അഞ്ചാമത്തവനാണ് കെ.സി. പഠനകാലത്ത് സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചാണ് നാടകത്തിലേയ്‌ക്കുളള അരങ്ങേറ്റം. പിന്നീട് നിസ്‌തുല, കാല്‍വരി മൗണ്ട് താബോര്‍ തീയേറ്റേഴ്‌സ്, സ്വരാജ് സയണ്‍ കമ്മ്യൂണിക്കേഷന്‍സ്, തുടങ്ങിയ നാടക സമിതികള്‍ക്കായി നാടകമെഴുതി. കുട്ടികളുടെ നാടകങ്ങളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു.
ലഭിച്ച അവാര്‍ഡുകള്‍
നാടക രചനയ്ക്ക് സംസ്ഥാനസർക്കാറിന്റെ അവാർഡ് രണ്ടു തവണ ലഭിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന നാടക അക്കാദമി അവാർഡ്, തിരൂര്‍ ആക്ട് അവാർഡ്, ഭരത് ബാലന്‍ കെ. നായര്‍ അവാര്‍ഡ്, കണിച്ചുകുളങ്ങര എസ്.എല്‍ പുരം അവാര്‍ഡ്, കോട്ടയം ദര്‍ശന എന്‍.എന്‍. പിള്ള പുരസ്‌കാരം, വടക്കന്‍ പറവൂര്‍എം.ഇ.എസ് സാംസ്‌കാരിക പഠന കേന്ദ്രം അവാര്‍ഡ്, ചാലക്കുടി എ.കെ. ലോഹിതദാസ് പുരസ്‌കാരം, കെ.സി.ബി.സി അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ്, സൂര്യ, മഴവില്‍ മനോരമ, സീ, തുടങ്ങിയ ചാനലുകള്‍ക്ക് സീരിയലുകള്‍ എഴുതി. വണ്‍ ഫോര്‍ ത്രീ എന്ന സിനിമയുടെ തിരക്കഥയും രചിച്ചു. കട്ടപ്പന വളളക്കടവിലാണ് താമസം. ഭാര്യ: ബീന. മക്കള്‍: ജെറോം, ജെറിറ്റ്.