എന്നെ ഇനി അങ്ങനെ വിളിക്കല്ലെ’; ആരാധകരോട് അഭ്യർത്ഥനയുമായി വിരാട് കോലി

ആരാധകർക്ക് ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരേയൊരു കിങാണ് വിരാട് കോലി. അതുകൊണ്ടുതന്നെ കിങ്ങ് കോലി എന്നാണ് വിരാട് കോലിയുടെ വിളിപ്പേര്. എന്നാൽ ഈ പേര് കേൾക്കുമ്പോൾ തനിക്ക് ചമ്മൽ തോന്നുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കോലി.

ഇനിമുതല്‍ തന്നെ കിങ് എന്ന് വിളിക്കരുതെന്ന് തുറന്നു പറയുകയാണ് കോലി. ചൊവ്വാഴ്ച്ച ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്സ് ചടങ്ങില്‍ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയെയും ആർസിബി വനിതാ ടീം ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെയും സാക്ഷി നിര്‍ത്തിയാണ് ആരാധകരോട് കോലി ഈ അഭ്യര്‍ത്ഥന നടത്തിയത്.

അവതാരകനായ ഡാനിഷ് സേഠ് കോലിയെ കിംഗ് കോലിയെന്ന് വിശേഷിപ്പിച്ചിരുന്നു. പിന്നീട് കോലി സംസാരിക്കാനായി മൈക്ക് കൈയിലെടുത്തപ്പോള്‍ ആരാധകര്‍ കിങ് കോലിയെന്ന് വിളിച്ച് ഹര്‍ഷാരവം മുഴക്കുകയും ചെയ്തു. ആരാധകരുടെ ആരവം കാരണം ആദ്യം സംസാരിക്കാന്‍ പോലും കഴിയാതിരുന്ന കോലി ഒടുവില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ പറഞ്ഞത്, ചെന്നൈയുമായുള്ള മത്സരത്തിനായി ഞങ്ങള്‍ ചെന്നൈയിലേക്ക് പോകേണ്ടതുണ്ട്. അതിനുള്ള ചാര്‍ട്ടേഡ് വിമാനത്തിന്‍റെ സമയമായതിനാല്‍ അധികം സമയം കളയാനില്ല, ഡാനിഷ് സേഠിനോടും നിങ്ങളോടും എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്.

‘ദയവു ചെയ്ത് നിങ്ങള്‍ എന്നെ ഇനി ആ പേര് വിളിക്കരുത്. ഓരോ തവണ കേള്‍ക്കുമ്പോഴും വലിയ ചമ്മൽ തോന്നുന്നു. അതുകൊണ്ട് എന്നെ വിരാട് എന്നു മാത്രം വിളിക്കുക’, ചിരിച്ചുകൊണ്ട് ഡാനിഷ് സേഠിനോടും ആരാധകരോടുമുള്ള കോലി അഭ്യര്‍ത്ഥിച്ചു.

ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്സ് ചടങ്ങിലേക്ക് ആരാധകര്‍ ഒഴുകിയെത്തിയിരുന്നു. ചടങ്ങില്‍വെച്ച് ആര്‍സിബി തങ്ങളുടെ പുതിയ ജേഴ്സിയും ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. പിന്നീട് പേരിലെ ബാംഗ്ലൂരിന് പകരം ഈ സീസണ്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു എന്നായിരിക്കും പേരെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →