യുസുഫ് പത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ മത്സരിക്കും

കൊല്‍ക്കത്ത: ബംഗാളില്‍ അപ്രതീക്ഷിത നീക്കം നടത്തി തൃണമൂല്‍ കോണ്‍ഗ്രസ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസുഫ് പത്താനെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയാണ് തൃണമൂല്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പ്രതിനിധീകരിക്കുന്ന ബഹറാംപൂര്‍ മണ്ഡലത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി യുസുഫ് പത്താന്‍ മത്സരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ ശക്തനായ എതിരാളി എന്ന ആലോചനയാണ് യുസുഫ് പത്താനിലേക്ക് തൃണമൂലിനെ എത്തിച്ചത്. 1999 മുതല്‍ ബഹറാംപൂര്‍ മണ്ഡലത്തെ പ്രതിനീധികരിക്കുന്ന അധിര്‍ രഞ്ജന്‍ ചൗധരിയെ പരാജയപ്പെടുത്തുക എന്ന് തന്നെയാണ് തൃണമൂല്‍ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യനീക്കം പരാജയപ്പെട്ടിരുന്നു. നിലവില്‍ കോണ്‍ഗ്രസിനുള്ള സീറ്റുകള്‍ മാത്രമേ നല്‍കാനാവൂ എന്ന നിലപാടാണ് തൃണമൂല്‍ സ്വീകരിച്ചത്. ഇതിനെ കോണ്‍ഗ്രസ് തള്ളുകയായിരുന്നു. ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറാണെന്ന നിലപാടാണ് അധിര്‍ രഞ്ജന്‍ ചൗധരി സ്വീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →