കറുകച്ചാൽ : മധ്യവയസ്കയായ സ്ത്രീയുടെ കടയും, സമീപത്തായി പ്രവർത്തിക്കുന്ന മറ്റൊരു കടയും ടിപ്പർ ലോറി കൊണ്ട് ഇടുപ്പിച്ച് തീയിട്ട് നശിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കൊച്ചുപറമ്പിൽ വീട്ടിൽ ഷിബു എന്ന് വിളിക്കുന്ന മാത്യൂ സ്കറിയ (42) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരത്തോടുകൂടി കങ്ങഴ ഇടക്കല്ലുങ്കൽ ഭാഗത്ത് മധ്യവയസ്ക മുന്‍പ് മുറുക്കാന്‍ കട നടത്തിയിരുന്നതും ഇപ്പോള്‍ ഇടയ്ക്ക് താമസിച്ചു വന്നിരുന്നതുമായ കട ടിപ്പർ ഉപയോഗിച്ച് തകർക്കുകയും തുടർന്ന് ടിപ്പറിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഒഴിച്ച് കട തീ കത്തിച്ച് നശിപ്പിക്കുകയുമായിരുന്നു.
ഇവിടെ കെട്ടിയിട്ടിരുന്ന വളർത്തുനായയുടെ ജീവൻ തീയിൽപ്പെട്ട് നഷ്ടപ്പെടുകയും ചെയ്തു. കൂടാതെ ഇതിന്റെ സമീപത്തായി മധ്യവയസ്കൻ നടത്തിവന്നിരുന്ന മറ്റൊരു മുറുക്കാൻ കടയും ഇയാൾ ടിപ്പർ ഉപയോഗിച്ച് ഇടിച്ച് നശിപ്പിക്കുകയും ചെയ്തു. മാത്യൂസ്കറിയയ്ക്ക് ഇരുകൂട്ടരോടും മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ ഇത്തരത്തിൽ ആക്രമണം നടത്തിയത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ മാരായ നജീബ് കെ.എ, സാജുലാൽ, അനിൽ കെ.പ്രകാശ്, സി.പി.ഓ മാരായ ശിവപ്രസാദ്, ജയ്മോൻ, സനൂജ്, അരുൺശിവരാജൻ, രതീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നരഹത്യാശ്രമത്തിനും കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.