ചങ്ങനാശ്ശേരി: കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട്ടിലെ കൊലപാതക കേസിലെ പ്രതികളായ രണ്ടുപേരെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മാരിയപ്പൻ(48), ഇയാളുടെ മകൻ ലണ്ടൻ ദുരൈകുട്ടി (22) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും തമിഴ്നാട് അംബാസമുദ്രം പാപ്പക്കുടി സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതികളാണ്.തുടർന്ന് ഇവർ തമിഴ്നാട്ടിലെ കോടതിയിൽ നിന്നും ജാമ്യം എടുത്ത ശേഷം ഒളിവിൽ പോവുകയായിരുന്നു.
തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തിയ ഇവർ പലസ്ഥലങ്ങളിലും മാറിമാറി താമസിച്ച് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തുടർന്ന് ഇവർ ചങ്ങനാശ്ശേരിയിൽ എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ചങ്ങനാശ്ശേരി പോലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരും പോലീസിന്റെ പിടിയിലാവുന്നത്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി, മനേഷ് ദാസ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. തുടർന്ന് ഇവരെ പാപ്പക്കുടി പോലീസിന് കൈമാറി.