തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വിജയിച്ചയാള്‍ മൂന്ന് മാസം മുമ്പ് പാർട്ടി വിട്ടെന്ന് വെളിപ്പെടുത്തല്‍. മൂന്ന് മാസം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന ഗിരീഷാണ് തിരുവനന്തപുരം തിരുവല്ലം മണ്ഡലം പ്രസിഡന്റായി വിജയിച്ചിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് ആരോപിച്ചാണ് ഗിരീഷ് പാര്‍ട്ടി വിട്ടത്.
ശരിയായ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കാത്തതുകൊണ്ടാണ് സംഘടന വിട്ടത്. മുന്‍ അധ്യക്ഷനായ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. വിജയിക്കാനുള്ള ടെക്‌നോളജി കയ്യിലുണ്ടെന്ന് ഷാഫി പറഞ്ഞിരുന്നതായും ഗിരീഷ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് വ്യാപകമായി വോട്ട് ചെയ്തുവെന്നും ഗിരീഷ് പറഞ്ഞു.
‘മൂന്ന് മാസം മുമ്പാണ് പാർട്ടി വിട്ടത്. ഇത്ര വോട്ടൊന്നും പിടിച്ചിട്ടില്ലായിരുന്നു. അട്ടിമറി നടന്നെന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഇവിടെ ചേർന്ന യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, വിന്‍സെന്‍റ് എംഎല്‍എ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് ജയിക്കുന്നതിനുള്ള ടെക്നോളജി കെെയ്യിലുണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. ഫോട്ടോ കിട്ടികഴിഞ്ഞാല്‍ വ്യാജ ഐഡി നിർമ്മിക്കാമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ഷാഫി പറമ്പിലിന്‍റെ അഹങ്കാരമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.’ ഗിരീഷ് പറയുന്നു.