മലപ്പുറം: കേരളബാങ്ക് ഡയറക്ടർ സ്ഥാനം ലഭിച്ച മുസ്ലീം ലീഗ് എംഎൽഎക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വള്ളിക്കുന്ന എം.എൽ.എ പി. അബ്ദുൽ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്ററുകൾ പതിച്ചാണ് പ്രതിഷേധം. പാർട്ടിയെയും അണികളെയും വഞ്ചിച്ച ‘ജൂതാസ്’ എന്നാണ് അബ്ദുൽ ഹമീദിനെ പോസ്റ്ററിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അബ്ദുൽ ഹമീദിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.
കേരളാ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് അബ്ദുൽ ഹമീദിനെ ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് പോസ്റ്ററുകൾ. അബ്ദുൽ ഹമീദിന്റെ ചിത്രം സഹിതമുള്ള പോസ്റ്ററുകളാണ് പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്നത്. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറികൂടിയായ ഹമീദിനെതിരെ പാർട്ടി അണികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
മുസ്‌ലിംലീഗിന് കേരള ബാങ്കിന്റെ ഡയറക്ടർ സ്ഥാനംനൽകിയെ സിപിഎം നടപടിക്ക് പിന്നാലെയാണ് കടുത്ത വിമർശനം ഉന്നയിച്ചുകൊണ്ട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കേരള ബാങ്ക് രൂപവത്കരണത്തെ ശക്തമായി എതിർത്തുകൊണ്ടിരുന്ന ലീഗിന്റെ മലപ്പുറം ജില്ലാസെക്രട്ടറി പി. അബ്ദുൾഹമീദ് എം.എൽ.എ. അതേബാങ്കിൽ ഡയറക്ടർസ്ഥാനം സ്വീകരിച്ചതിൽ ലീഗ് അണികൾക്കും കടുത്ത എതിർപ്പുണ്ട് . കോൺഗ്രസും വിയോജിപ്പ് പ്രകടിപ്പിച്ചു.
കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരേ മലപ്പുറം ജില്ലാബാങ്ക് നിയമപോരാട്ടം തുടരുന്നതിനിടെയാണ് നടപടി. അതേസമയം കേരളാ ബാങ്ക് ഡയറക്ടർ ബോർഡിൽ എം.എൽ.എ.യെ ഉൾപ്പെടുത്തിയതിൽ തെറ്റില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഭരണസമിതി അംഗമാക്കാനുള്ള തീരുമാനം പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്. സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിൽ നേരത്തേ ലീഗ് പ്രതിനിധി ഉണ്ടായിരുന്നു. സഹകരണ മേഖലയിൽ രാഷ്ട്രീയം കാണാതെ എല്ലാവരും ഒരുമിച്ചു പോകണമെന്നാണ് ലീഗ് നിലപാടെന്നും സലാം പറഞ്ഞിരുന്നു.