കോട്ടയം :പാലായിലെ പ്രമുഖ ബിസിനസ് സ്ഥാപന ഉടമകളായ വെള്ളിയേപ്പള്ളി ജ്വല്ലറി ഉടമ വി.ജെ ജോസഫ് വെളളിയേപ്പള്ളി,സഹോദരനും ടി.ബി റോഡിലെ പലചരക്ക് മൊത്തവ്യാപാരിയുമായ വി.ജെ ബേബി വെള്ളിയേപ്പള്ളി എന്നിവരുടെ പരാതിയിലാണ് കോട്ടയം ജില്ലാ തൊഴിലാളിക്ഷേമ സഹകരണ സംഘം പ്രസിഡന്റ് വയലാ സ്വദേശി ജോസഫ് സെബാസ്റ്റ്യന്‍ വാഴക്കാല,സഹകരണസംഘം സെക്രട്ടറി ആര്‍പ്പൂക്കര കാവക്കുന്നേല്‍ എം.ടി സോണിയ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് 28 നാണ് മുന്‍പരിചയത്തിന്റെ പേരില്‍ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് പാലായിലെ സ്ഥാപനത്തില്‍ വന്ന് നിക്ഷേപസമാഹരണാര്‍ഥം ജോസഫില്‍ നിന്നും സഹോദരനില്‍ നിന്നും 1 ലക്ഷം രൂപവീതം നിക്ഷേപമായി സ്വീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു.നിക്ഷേപം സ്വീകരിച്ചതിന്റെ രസീതും പാസുബുക്കും ഇരുവര്‍ക്കും നല്‍കി.
ഏപ്രില്‍ ആദ്യവാരത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും നിക്ഷേപം തിരികെ നല്‍കാമെന്ന ഉറപ്പിലാണ് പണം നല്‍കിയത്. മെയ് 10ന് മുന്‍ധാരണപ്രകാരം നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ സഹകരണ സംഘം പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട് കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ മെയിന്‍ ശാഖയില്‍ സഹകരണ സംഘത്തിനുള്ള അക്കൗണ്ടിലൂടെ മാറാവുന്ന 1 ലക്ഷം രൂപയുടെ രൂപയുടെ 2 ചെക്കുകള്‍ ജോസഫിനും സഹോദരന്‍ ബേബിയ്ക്കും നല്‍കിയെന്ന് ഇരുവരും പറഞ്ഞു.ഈ ചെക്കുകള്‍ ഫെഡറല്‍ ബാങ്ക് പാലാ ശാഖവഴി കളക്ഷന് അയച്ചുവെങ്കിലും സഹകരണ സംഘത്തിന്റെ അക്കൗണ്ടില്‍ തുകയില്ലെന്ന കാരണത്താല്‍ മടങ്ങുകയായിരുന്നു.ചെക്ക് മടങ്ങിയ വിവരം പ്രസിഡന്റിനെ അറിയിച്ചപ്പോള്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും നിങ്ങളുടെ കൈയില്‍ നിന്നും നിക്ഷേപം സ്വീകരിച്ചതിന് തെളിവുകള്‍ ഇല്ലെന്നുമായിരുന്നു മറുപടിയെന്നും വി.ജെ ജോസഫ് പറഞ്ഞു.
ഇതേ തുടര്‍ന്ന് തങ്ങളെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിനെതിരെ ഇരുവരും ചേര്‍ന്ന് പാലാ ജുഡീഷ്യല്‍ ഒന്നാംകല്‍സ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അന്യായത്തെത്തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം പാലാ പോലീസ് സഹകരണ സംഘം പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ കേസെടുക്കുകയായിരുന്നു.കൂടുതല്‍ പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടന്നുവരികയാണ്.

