മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തിന്റെ ഗ്രൂപ് റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഗുജറാത്തിനോടാണ് കേരളം ഇന്ന് ഏറ്റുമുട്ടുന്നത്. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മണിക്കാണ് മത്സരം.
നിജോ ഗിൽബർട്ട് നയിക്കുന്ന സംഘത്തിൽ പത്ത് മുഖങ്ങളുണ്ട്. നിലവിലെ ചാമ്പ്യന്മാരായിരിക്കെ കഴിഞ്ഞതവണ സെമി ഫൈനൽ പ്രവേശനംപോലും ലഭിക്കാതെപോയ കേരളം ഇക്കുറി ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്.
ജമ്മു-കശ്മീർ, ഛത്തിസ്ഗഢ്, ആതിഥേയരായ ഗോവ എന്നിവയാണ് ഗ്രൂപ് എ യിലെ മറ്റു ടീമുകൾ. ഒക്ടോബർ13ന് കേരളം ജമ്മു-കശ്മീരിനെയും 15ന് ഛത്തിസ്ഗഢിനെയും 17ന് ഗോവയെയും നേരിടും. ഇന്ന് വൈകുന്നേരം കശ്മീരും ഛത്തീസ്ഗഢും ഏറ്റുമുട്ടുന്നുണ്ട്. ഏഴു തവണ ചാമ്പ്യന്മാരായ കേരളവുമായി താരതമ്യംചെയ്യുമ്പോൾ ഗുജറാത്ത് അത്ര ശക്തരല്ലെങ്കിലും എഴുതിത്തള്ളാനാവില്ല.
ആദ്യ കളിയിൽ ഗുജറാത്ത് 2-1ന് ജമ്മു-കശ്മീരിനെ തോൽപിച്ചശേഷമാണ് കേരളത്തെ നേരിടാനിറങ്ങുന്നത്. സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന സംഘത്തിൽ അസീസ് സഹപരിശീലകനും ഹർഷൽ റഹ്മാൻ ഗോൾ കീപ്പിങ് കോച്ചുമാണ്. 2021-22ൽ മഞ്ചേരി പയ്യനാട്ട് നടന്ന ഫൈനലിൽ ബംഗാളിനെ തോൽപിച്ചാണ് ടീം അവസാനമായി ജേതാക്കളായത്.
ഗ്രൂപ് റൗണ്ടിൽ മികച്ച പ്രകടനം നടത്തി 2022-23ൽ കേരളം ഫൈനൽ റൗണ്ട് കളിച്ചെങ്കിലും സെമിയിലെത്തിയില്ല. സെമി, ഫൈനൽ മത്സരങ്ങൾ ചരിത്രത്തിലാദ്യമായി വിദേശത്താണ് നടന്നത്. സൗദി അറേബ്യ വേദിയായ ഫൈനലിൽ മേഘാലയയെ തോൽപിച്ച് കർണാടക ചാമ്പ്യന്മാരായി. ഇക്കുറി കർണാടകയും മേഘാലയയും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളെന്ന ആനുകൂല്യത്തിൽ നേരിട്ട് ഫൈനൽ റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.