ഇനി ഹോട്ട്സ്റ്റാറിലും പാസ്സ്‌വേർഡ് ഷെയറിങ് നടക്കില്ല; കർശന നടപടിക്ക് ഒരുങ്ങി ഡിസ്‌നി

നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്സ്‌വേർഡ് പങ്കുവെക്കുന്നത് തടയാനൊരുങ്ങി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ. ഇപ്പോഴിതാ തങ്ങളുടെ കനേഡിയൻ സബ്സ്ക്രൈബർമാർക്ക് കരാറിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതായി അറിയിച്ചുകൊണ്ട് ഹോട്ട്സ്റ്റാർ ഒരു മെയിൽ അയച്ചിരിക്കുകയാണ്. നവംബർ ഒന്ന് മുതൽ മെമ്പർഷിപ്പുള്ളവർ അക്കൗണ്ട് പങ്കിടുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് ഉൾപ്പടെ പുതിയ നിബന്ധനകൾ അവതരിപ്പിക്കുന്നതായി കമ്പനി ഇമെയിലിൽ അറിയിച്ചു.

പാസ്സ്‌വേർഡ് ക്രാക്കിങ് പോളിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങള്‍ ഒന്നും കമ്പനി നൽകിയിട്ടില്ലെങ്കിലും, പാസ്സ്‌വേർഡ് ഷെയറിങ്ങിൽ കർശന നിയന്ത്രണം കൊണ്ടുവരുമെന്നാണ് മെയിലിലൂടെ നൽകുന്ന സൂചന. ‘നിങ്ങളുടെ അക്കൗണ്ട് പങ്കിടുന്നതിനും ലോഗിൻ ക്രെഡൻഷ്യലുകൾ നിങ്ങളുടെ വീടിന് പുറത്ത് പങ്കിടുന്നതിനും നിയന്ത്രണങ്ങൾ നടപ്പിലാക്കുകയാണ്,’ ദി വെർജ് പങ്കിട്ട ഇമെയിലിൽ ഇങ്ങനെ പറയുന്നു. ‘നിങ്ങളുടെ സബ്സ്ക്രിപ്ഷൻ നിങ്ങളുടെ വീടിന് പുറത്ത് പങ്കിടാൻ പാടില്ല,’ ഡിസ്നിയുടെ ഹെൽപ്പ് സെന്ററിൽ അപ്ഡേറ്റ് ചെയ്തിട്ടുമുണ്ട്.

കനേഡിയൻ സബ്‌സ്‌ക്രൈബർ എഗ്രിമെന്റിൽ ‘അക്കൗണ്ട് ഷെയറിങ്’ എന്ന ഓപ്‌ഷൻ പുതുതായി ചേർത്തിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരീക്ഷിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

പോളിസിയിൽ എന്തെങ്കിലും ലംഘനമുണ്ടായാൽ അക്കൗണ്ട് സസ്‌പെൻഡ് അല്ലെങ്കിൽ ക്യാൻസൽ ചെയ്യും. കാനഡയിൽ ഈ മാറ്റങ്ങൾ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും കമ്പനി പുതിയ പോളിസി ഉടൻ പുറത്തിറക്കുമെന്നാണ് സൂചന.

Share
അഭിപ്രായം എഴുതാം