എ സി മൊയ്തീനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലല്ല; കേന്ദ്രമന്ത്രി പങ്കജ് ചൗധരി

ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പങ്കജ് ചൗധരി. എ സി മൊയ്തീനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലല്ലെന്നും രാജ്യത്ത് പല കേസുകളിലും ഇഡി റെയിഡ് നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ബാങ്കിലെ സംശയകരമായ പണമിടപാടുകളുടെ രേഖകൾ ഇഡിക്ക് കിട്ടിയിരുന്നു. കേസിലെ പ്രതി സതീഷ് കുമാർ നടത്തിയ ഇടപാടുകളിലും വിവരങ്ങൾ തേടും. കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്‍റ് എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സിപിഎം നേതാവ് എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണനെ ഏഴ് മണിക്കൂറോളമാണ് ചോദ്യംചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പിപി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് എം.കെ കണ്ണനെ ചോദ്യം ചെയ്തത്. എംകെ കണ്ണൻ അദ്ധ്യക്ഷനായ ബാങ്കിലെ സതീഷ് കുമാറിന്‍റെ ബിനാമി നിക്ഷേപത്തിൽ നിന്നും പിപി കിരണിന് വേണ്ടി കരുവന്നൂർ ബാങ്കിലേക്ക് പോയ പണത്തിലാണ് ഇഡിയുടെ സംശയങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →