ഭൂമി പതിവ് നിയമ ഭേദഗതി കേരളത്തിൽ35 ലക്ഷം സ്ഥാപനങ്ങൾക്ക് കരുക്ക്. ന്യായീകരണങ്ങൾ കള്ളങ്ങളുടെ വെള്ളപൂശൽ

വി ബി രാജൻ

1960ൽ ഉണ്ടായ ലാൻഡ് അസൈൻമെൻറ് ആക്ട് കേരളത്തിലെ ആദ്യത്തെ സമഗ്ര പതിവ് നിയമമാണ്.കേരളത്തിന് മുഴുവൻ ബാധകമായ ഒരു നിയമം മുമ്പ് ഉണ്ടായിരുന്നില്ല.തിരുകൊച്ചിയിൽ ഭൂമി പതിവ് നിയമങ്ങൾ ഉണ്ടായിരുന്നു.മദ്രാസ് പ്രസിഡൻസിയുടെ ജില്ലയായ മലബാറിൽ അത്തരം നിയമങ്ങൾ ഇല്ലായിരുന്നു.ഈ സാഹചര്യത്തിലാണ് 60ലെ നിയമം ഉണ്ടായത്.

പട്ടിണി മരണങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടായ ചട്ടങ്ങൾ

അന്ന് സവിശേഷമായ ഒരു സാമൂഹിക സാമ്പത്തിക സാഹചര്യവും കേരളത്തിന് ഉണ്ടായിരുന്നു.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തു മുഴുവൻ കൊടുമ്പിരി കൊണ്ട ക്ഷാമവും പട്ടിണിയും പട്ടിണി മരണങ്ങളും തിരുകൊച്ചി ഭാഗങ്ങളിലും വ്യാപകമായി അരങ്ങേറിയിരുന്നു.ഇതിനെ തുടർന്ന് സർക്കാർ പുറമ്പോക്കുകൾ എവിടെ ഉണ്ടെങ്കിലും അവിടെ പ്രവേശിച്ച് കൃഷി ചെയ്യുവാനും വിളവിന്റെ പങ്ക് ലഭിയായി സർക്കാരിലേക്ക് നൽകുവാനും കർഷകരെയും പൊതുസമൂഹത്തെയും പ്രേരിപ്പിച്ചുകൊണ്ട് സർക്കാരിൻറെ പദ്ധതി വന്നു.ഗ്രോമോർ ഫുഡ് എന്നായിരുന്നു അതിൻറെ പേര്.വനമടക്കം ഏതു പ്രദേശത്തും കൃഷിയിറക്കി ഭക്ഷ്യവിളകൾ ഉണ്ടാക്കുക എന്നതായിരുന്നു അന്നത്തെ ഏറ്റവും പ്രധാന ആവശ്യം.അല്പം കഞ്ഞിവെള്ളം കിട്ടിയാൽ രക്ഷിക്കാമായിരുന്ന സ്വന്തം പിഞ്ചുമക്കൾ കൺമുമ്പിൽ കുഴഞ്ഞുവീണു മരിക്കുന്നത് കണ്ടുകൊണ്ടിരുന്ന രക്ഷിതാക്കളുടെ കാലത്തെ ആവശ്യവും പ്രശ്നങ്ങളും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാവില്ല.

ഒരു വീട്ടിലെ മാത്രം ഭക്ഷ്യ അവശിഷ്ടം ഉണ്ടെങ്കിൽ ഒരു പന്നിഫാം നടത്താവുന്ന കാലമാണ് ഇന്നത്തേത് .
ഗുരുതരമായ ഈ ഭക്ഷ്യ പ്രതിസന്ധിയാണ് 1964ലെ ഭൂപതിവ് ചട്ടങ്ങളിൽ ഗ്രാമപ്രദേശങ്ങളിൽ കൃഷിക്കായി മാത്രം പട്ടയം കൊടുക്കുന്നതായി രേഖപ്പെടുത്തുവാൻ ഇടയായ സാഹചര്യം.

കേരളം മാറിയത് അറിയാത്തവരുടെ നയരൂപീകരണം

കേരളം ആകെ മാറി .ഗൾഫ് അടക്കം വിദേശനാടുകളിലേക്കുള്ള കുടിയേറ്റം. അന്യസംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം.പണത്തിന്റെ വരവ്.വാണിജ്യ മേഖലയുടെ വികാസം.സേവനമേഖലയുടെ വികാസം.മധ്യവർഗത്തിന്റെ രൂപീകരണം ഇതെല്ലാം അതിലെ പ്രധാന ഘടകങ്ങളാണ്.
ഇന്ന് കേരളം ഒട്ടാകെ ഒരു അർബൻ ഏരിയയാണ് എന്ന് പറഞ്ഞാൽ അതാണ് ശരി.

60 ഉണ്ടാക്കിയ നിയമവും 64ൽ ഉണ്ടാക്കിയ ചട്ടങ്ങളും ഈ സാഹചര്യങ്ങളില്ലാത്ത കാലത്തേതാണ്.കൃഷിക്ക് കൊടുത്ത ഭൂമിയായിരുന്നു പട്ടയങ്ങളിൽ 90% .ഗ്രാമമെന്നോ പട്ടണമെന്നോ വ്യത്യാസം ഇല്ലാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ കേരളത്തിൽ ഉയർന്നു വന്നപ്പോൾ അതിൽ 35 ലക്ഷം നിർമിതികൾ കൃഷിക്ക് കൊടുത്ത ഭൂമിയിലെ പട്ടയങ്ങളിൽ ആയിപ്പോയി. കെട്ടിട നമ്പർ മുതൽ വ്യവസായ രജിസ്ട്രേഷൻ വരെയുള്ള എല്ലാ അനുമതികളും സർക്കാരു തന്നെ നൽകി. അങ്ങനെയാണ് ഇവയെല്ലാം പ്രവർത്തിച്ചു വരുന്നത്.

ഇടുക്കിയേ പിഴിഞ്ഞ് ജീവിക്കുവാനുള്ള സൂത്രം

ഇടുക്കി ജില്ലയിൽ പ്രത്യേകിച്ച് മൂന്നാർ മേഖലയിൽ വളർന്നുവന്ന ടൂറിസം വ്യവസായത്തിന്റെ മേൽ നിയന്ത്രണം ഏർപ്പെടുത്തുവാനും ,കുറ്റങ്ങളും കുറവുകളും ആരോപിച്ച് ഉടമസ്ഥാവകാശം അസ്ഥിരപ്പെടുത്തുവാനുമുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിൽ നിന്ന് ഉണ്ടായത് കാൽ നൂറ്റാണ്ട് പിന്നിലാണ്.കയ്യേറ്റ വിവാദങ്ങളിൽ ആണ് എപ്പോഴും കാര്യങ്ങൾ ആരംഭിക്കുന്നു.പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടുവാൻ ഉള്ള സൂത്രമാണത്.എന്നും കയ്യേറ്റംഒഴിപ്പിക്കലാണ് ഇടുക്കിയിൽ. ഇതുവരെ നടന്ന ഒഴിപ്പിക്കൽ വലിപ്പം പരിശോധിച്ചാൽ ഇടുക്കി ജില്ലയെ മുഴുവൻ ഒഴിപ്പിക്കാൻ പോകുന്നത്ര വരും. എന്നിട്ടും കോടതിയിൽ കണക്കുമോ കൊടുക്കുമ്പോൾ 150ൽ താഴെയേ ഉള്ളൂ.അതുതന്നെ പതിറ്റാണ്ടുകളുടെ നീളത്തിലുള്ള നടപടിയും .

ലക്ഷ്യം തൊണ്ണൂറുകളിൽ ശക്തി പ്രാപിച്ച ടൂറിസം നിർമ്മാണങ്ങളെ അസ്ഥിരപ്പെടുത്തി പണം പിടുങ്ങുക ആണ് .

ഈ തിരക്കഥയിലെ ഒരു എപ്പിസോഡ് ആണ് നിർമ്മാണ നിരോധനം .ഇടുക്കി ജില്ലയിലെ നിർമ്മാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ അനുമതി വേണം എന്ന ഓർഡർ വന്നു.ഇടുക്കി ജില്ലാ കളക്ടറെ കൊണ്ടാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
മറ്റൊരിടത്തും ഇല്ലാത്ത നിയന്ത്രണങ്ങളുടെ തുടക്കം എന്ന നിലയിൽ ഇതുമൂലം ഗതിമുടിഞ്ഞ ആളുകൾ കോടതിയെ സമീപിച്ചു.അപ്പോൾ കൃഷിക്ക് കൊടുത്ത പട്ടയത്തിൽ നിർമ്മാണം നടത്തുന്നത് കുറ്റകരമാണെന്നും അത് പൊളിച്ചു കളഞ്ഞ്, പട്ടയം റദ്ദ് ചെയ്ത് ഭൂമി തിരിച്ചുപിടിക്കുകയാണ് നടപടിക്രമം എന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു.കേരള സർക്കാർ ഉണ്ടാകുന്നതിനും മുമ്പേ ഭൂമി കൈവശം വച്ച് സർവ്വവിധ അധികാരങ്ങളോടും കൂടി ഉപയോഗിച്ചുവന്നിരുന്ന വരുടെ തലമുറയോട് ആണ് ഭൂമി തിരിച്ചു പിടിച്ചെടുക്കാൻ പോവുകയാണ് എന്ന് സർക്കാർ ഭീഷണിപ്പെടുത്തിയത്.

തിരിച്ചെടുക്കൽ സർക്കാർ പുനരധിവാസ പദ്ധതികളിൽ പെടുത്തി കൊടുത്ത ഭൂമികളിൽ മാത്രമാണ് ന്യായീകരിക്കാവുന്നത് എന്ന് എല്ലാവർക്കും അറിയാം.രാജഭരണകാലത്തെ അവകാശികൾക്ക് മേൽ പോലും ചട്ടലംഘനം ആരോപിച്ച് ഭൂമി പിടിച്ചെടുക്കുവാനുള്ള നീക്കം എല്ലാത്തരം നിയമങ്ങൾക്കും നീതിബോധത്തിനും എതിരായിരുന്നു.

എന്നിട്ടും അത്തരം ഒരു ഉത്തരവ് ലഭിക്കുവാൻ വേണ്ടി സർക്കാർ കോടതിയിൽ ശാഠ്യം പിടിച്ചു.പക്ഷേ വിധി കിട്ടിയില്ല.കേരളത്തിനു മുഴുവൻ ബാധകമായ ചട്ടവും നിയമവും ഒരു ജില്ലയ്ക്ക് മാത്രം ബാധകമാക്കി ബാക്കി ജില്ലകളെ ഒഴിവാക്കിക്കൊണ്ട് ഉത്തരവിടാൻ കഴിയുകയില്ല എന്നായിരുന്നു കോടതിയുടെ നിലപാട്. കോടതിനിലപാട് കഥയെഴുതിയവരുടെ ഗൂഢലക്ഷ്യങ്ങൾക്ക് യോജിക്കുന്നതായിരുന്നില്ല.അതുകൊണ്ട് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയി .ഡിവിഷൻ ബെഞ്ച് കൂടുതൽ കർക്കശമായി വിധി ആവർത്തിച്ചു.അതോടെ സുപ്രീംകോടതിയിലേക്ക് ആയി നീക്കം.
സുപ്രീംകോടതി ആവട്ടെ ഹർജി തന്നെ സ്വീകരിക്കാതെ വിധി തള്ളി .

നിയമവിധേയ ജീവിതത്തിന്
ഗുണ്ടാ പിരിവ് !!

ഇതേ തുടർന്നാണ് പുതിയ നിയമനിർമ്മാണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.കർഷകരെ രക്ഷിക്കാനാണ് എന്ന് പ്രചരിപ്പിച്ചത് കള്ളം . കൃഷി ചെയ്യാൻ ചട്ട പ്രകാരം അനുവദിച്ചിരിക്കുന്ന ഭൂമിയിൽ മറ്റെന്തെങ്കിലും നിർമാണം നടത്തിയിട്ടുണ്ട് എങ്കിൽ അത് ക്രമപ്പെടുത്തിയും ഭാവിയിൽ അനുവദിച്ചും ചട്ടം ഭേദഗതി ചെയ്താൽ മതി.കേരളത്തിൽ നൽകിയിട്ടുള്ള മറ്റ് എല്ലാവിധ പട്ടയങ്ങൾക്കും അതോടെ 1960ലെ പട്ടയം തുല്യമായിത്തീരും.ചട്ട ഭേദഗതി എന്ന് കോടതി പറഞ്ഞത് അനുസരിച്ചിരുന്നു എങ്കിൽ കർഷകരെ രക്ഷിക്കാൻ ആയിരുന്നു എന്ന് കരുതാൻ ആകുമായിരുന്നു.എന്നാൽ കോടതിയെ കൊണ്ട് വിധി ചട്ടലംഘനത്തിന്റെ പേരിൽ നിർമാണങ്ങളെ അസ്ഥിരപ്പെടുത്തുന്ന വിധിപുറപ്പെടുവിച്ചിട്ട് അതിൻറെ മറവിൽ ഇടുക്കി ജില്ലയിലെ പട്ടയങ്ങളിലെ നിർമ്മാണങ്ങൾ കുത്തിപ്പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുക ആയിരുന്നു ഈ തിരക്കഥ രചിച്ചവരുടെ ലക്ഷ്യം.

കോടതിവിധി ഇല്ല എങ്കിൽ അത്തരം ഒരു നടപടിക്ക് സർക്കാരിന് കഴിയുകയില്ല.ഒരു കാരണം ജനങ്ങൾ സർക്കാരിനെതിരെ തിരിയും.ഇടുക്കിയിൽ മാത്രമല്ല മറ്റു ജില്ലകളിലും സമാന അനുഭവങ്ങൾ ഭയന്ന് ജനവികാരം പ്രതികൂലമാകും.

മറ്റൊരുകാരണം നിയമപരമായി ഈ നടപടി നിലനിൽക്കുകയില്ല എന്നതാണ്.ഈ നിർമ്മാണങ്ങളെല്ലാം വിവിധ സർക്കാർ വകുപ്പുകളുടെ അനുമതിയോടെയാണ് ഉണ്ടായിട്ടുള്ളതും നിലനിൽക്കുന്നതും.അതുമാത്രമല്ല റവന്യൂ വകുപ്പിന് ചട്ടലംഘനം ആരോപിച്ചത് നടപടി എടുക്കാൻ കഴിയണം എങ്കിൽ ചട്ടലംഘനം ഉണ്ടായി 12 കൊല്ലത്തിനുള്ളിൽ ഒരു നോട്ടീസ് എങ്കിലും നൽകിയിരിക്കണം.അല്ലാത്തപക്ഷം ലിമിറ്റേഷൻ ആക്ടിന്റെ പരിധിയിൽ ആ നിർമ്മാണം വരുകയും സ്വാഭാവിക നീതിയുടെ ഭാഗമായി നിർമ്മാണം ക്രമീകരിക്കപ്പെടുകയും ചെയ്യും.

ലിമിറ്റേഷൻ ആക്ടിനെ മറികടക്കുവാനുള്ള കുരുട്ടുബുദ്ധി

ഈ സാഹചര്യം മറികടക്കാനാണ് ചട്ടം ഭേദഗതി ചെയ്യാതെ നിയമം ഭേദഗതി ചെയ്തത്. പുതിയൊരു നിയമം എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി.പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ലിമിറ്റേഷൻ ആക്ടിന്റെ ആനുകൂല്യം ഈ നിർമ്മാണങ്ങൾക്ക് ലഭിക്കുകയില്ല.കാരണം പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം 12 കൊല്ലത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഒരു നോട്ടീസ് നൽകിയാൽ നിയമപ്രകാരം നിർമ്മാണങ്ങൾ പൊളിച്ചു നീക്കി പട്ടയം റദ്ദ് ചെയ്യാം.

എന്നാൽ പഴയ നിയമം നിലനിൽക്കുമ്പോൾ ഇത്തരം ഒരു നടപടിക്ക് നിയമസാധുത ഇല്ല .ഇടുക്കി ജില്ലയിലെ എന്നല്ല കേരളത്തിലെ 35 ലക്ഷത്തോളം വരുന്ന നിർമ്മാണങ്ങളിൽ ഒന്നിൽ പോലും ശിക്ഷാനടപടിക്ക് വിധേയമാകുവാൻ കഴിയുന്ന സ്ഥിതി ഇല്ല . എന്നാൽ മുഴുവൻ നിർമാണങ്ങളെയും കൂട്ടത്തോടെ സർക്കാരിൻറെ പരിധിയിലും കുത്തി പിടുത്തത്തിലും കൊണ്ടുവരുവാൻ ഉള്ള കുരുട്ടുബുദ്ധിയാണ് ചട്ട ഭേദഗതിക്ക് പകരം നിയമ ഭേദഗതി എന്ന ആശയത്തിന് പിന്നിൽ.

ചട്ടലംഘനം നടത്തിയവരെ രക്ഷിക്കുവാനുള്ള നടപടിയായി ഇതിനെ വ്യാഖ്യാനിക്കുകയാണ്. അത് സാമാന്യബുദ്ധിക്ക് സ്വീകരിക്കുവാൻ കഴിയുന്നതല്ല.

ക്രമീകരണം എന്ന പേരിൽ ആസൂത്രണം ചെയ്യപ്പെട്ട പകൽ കൊള്ള

പുതിയ നിയമം കൊണ്ടുവന്നതോടെ സ്വാഭാവികമായി ക്രമപ്പെട്ടു പോയ നിർമാണങ്ങൾ മുഴുവൻ നിയമവിരുദ്ധമാക്കി മാറ്റി. ഇനി അവയെ ക്രമപ്പെടുത്തുന്നതിന് ഫീസുകളും പെനാൽറ്റികളും ഏർപ്പെടുത്താൻ ആവും .അത് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.
അപേക്ഷ ഫീസ് പ്രത്യേക ഫീസ് ,സെസ് ,വാർഷിക സെസ് ,ഗ്രീൻ ടാക്സ് എന്നിവയാണ് നിർമ്മാണങ്ങളുടെ ഉടമസ്ഥരുടെ മേൽ ഏർപ്പെടുത്താൻ പോകുന്നത്.കേരളത്തിൽ മറ്റ് എല്ലാവിധ പട്ടയങ്ങളും നിർമ്മാണങ്ങൾ നടത്തിയവരെ പോലെ കടയോ വ്യവസായ മേ തുടങ്ങിയവരുടെ മേൽ ഒറ്റയടിക്ക് വന്നു വീഴാൻ പോകുന്ന സാമ്പത്തിക ഭാരങ്ങളുടെ ലിസ
സ്റ്റാണ് ഇത്. ഇതിന്റെ അളവിൽ ഇളവ് വരുത്തുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥ രാഷ്ടീയ കൂട്ടുകെട്ടിന് കൊടുക്കേണ്ടി വരുന്ന കോഴ വേറെ ഉണ്ട്.
ക്രമപ്പെടുത്തലിന്റെ പേരിൽ അപേക്ഷാ ഫീസ് സാമാന്യബുദ്ധിക്ക് നടക്കുന്നതാണ്.എന്നാൽ പ്രത്യേക ഫീസും സെസും ഏർപ്പെടുത്തുന്നത് എന്തടിസ്ഥാനത്തിലാണ് ?എല്ലാവർഷവും നൽകേണ്ടും വർദ്ധിപ്പിക്കാവുന്നതുമായ വാർഷിക സെസ് എന്ത് അടിസ്ഥാനത്തിലാണ് ?ഒരു വർഷം നൽകിയില്ലായെങ്കിൽ ഭൂമിയിലെ അവകാശം ഇല്ലാതാവില്ലേ ?അപ്പോൾ പിന്നെ ഭൂമിയിലുള്ള സ്ഥിരാവകാശം എന്ന പട്ടയ കാഴ്ചപ്പാടിന് എന്ത് വിലയാണ് ഉള്ളത് ?സ്ഥിരാവകാശത്തെ എടുത്തു കളയുന്നതിന് തുല്യമല്ലേ വാർഷിക സെസ് എന്ന ആശയം ?

ആരുടെ മേലാണ് ഗ്രീൻ ടാക്സ് ?

ഇതിനേക്കാൾ അധികം ഗുരുതരമായ മറ്റൊരു നടപടിയാണ് ഗ്രീൻ ടാക്സ് ഏർപ്പെടുത്തുന്നത്.പരിസ്ഥിതി നിയമങ്ങൾ പ്രത്യേകം ബാധകമാക്കിയ ഒരു പ്രദേശത്തെ മനുഷ്യൻറെ ഇടപെടലിന് ഏർപ്പെടുത്തുന്ന ടാക്സ് ആണ് ഗ്രീൻ ടാക്സ് .അത് ഏർപ്പെടുത്തിയ പ്രദേശത്ത് സ്വതന്ത്രമായ ഭൂമി നിയോഗമോ ഭൂമിയുടെ അവകാശമോ നിലനിൽക്കുകയില്ല നിയമപരമായി.ഇടുക്കിയിലെ 47 വില്ലേജുകൾ പരിസ്ഥിതി നിയമപ്രകാരം എക്കോളജിക്കലി സെൻസിറ്റീവ് ഏരിയ എന്ന് പ്രഖ്യാപിച്ച വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ ഇപ്പോഴും നിലനിൽക്കുകയാണ്.ആ നടപടിയുടെ ഒപ്പം ഗ്രീൻ ടാക്സ് കൂടി ഏർപ്പെടുത്തി കഴിഞ്ഞാൽ കാര്യങ്ങൾ വ്യക്തമാണ്.പരിസ്ഥിതി നിയമങ്ങളുടെ ഏത് ആർട്ടുകൾ ഉപയോഗിച്ച് ഇടുക്കി ജില്ലയെയും മലയോര മേഖലയെയും നിയന്ത്രിക്കാം. കീഴ്പ്പെടുത്താം.ജന ജീവിതത്തെ ഇല്ലാതാക്കാം.
ആ വിധത്തിൽ എന്തെങ്കിലും കേസുകൾ ഉണ്ടായാൽ സർക്കാർ കോടതിയിൽ ഉന്നയിക്കാൻ പോകുന്നത് ഈ പ്രദേശങ്ങൾ ഗ്രീൻ ടാക്സ് ഏർപ്പെടുത്തിയിട്ടുള്ള മേഖലയാണ് എന്നായിരിക്കും.
കൂട്ടത്തോടെ മുഴുവൻ പട്ടയങ്ങളുടെയും സ്ഥിരതയും അവകാശങ്ങളും ഇല്ലാത്ത സ്ഥിതിയാവും. മറ്റൊരു കാര്യം ഇത് ഒരു ചൂഷണമാണ് എന്നുള്ളതാണ്.

ഇതിലെ ചൂഷണംഎന്താണ് ?

കേരളത്തിൻറെ 30% കാർഷിക മേഖല വനത്തിന് സമാനമായ വൃക്ഷ ഛായ ഉള്ള പ്രദേശമാണ്.വനത്തിൽ ഉള്ളതിന് തുല്യമായ അത്ര കാർബൺ നിക്ഷേപം കൃഷിഭൂമിയിലെ മണ്ണിലും മരത്തിലും ഉണ്ട് . റബ്ബർതോട്ടത്തിൽ 300 മെട്രിക് കാർബൺ നിക്ഷേപം ഒരു ഏക്കറിൽ ഉണ്ട് എന്നാണ് കണക്ക്.
ഒരേക്കർ സ്വാഭാവിക വനത്തിൽ ഇത് 500 മെട്രിക് മാത്രമാണ്. വനത്തിനടുത്ത അളവ് കാർബൺ നിക്ഷേപമാണ് ഇടുക്കി ജില്ലയിലെ ഏലം കൃഷി നടക്കുന്ന ഭൂമിയിൽ ഉള്ളത്.ഇങ്ങനെയുള്ള കൃഷിഭൂമിയുടെ പട്ടയം കൂടുതലും 1960ലെ ഭൂമി പതിവ് നിയമപ്രകാരം നൽകപ്പെട്ടിട്ടുള്ളത് ആണ് .
ഈ പട്ടയങ്ങളിൽ ഗ്രീൻ ടാക്സ് ഏർപ്പെടുത്തുന്നത് കൊടിയ ചൂഷണം ആണ് എന്ന സത്യം രാഷ്ടീയ പ്രവർത്തകരോ സാമൂഹിക പ്രവർത്തകരോ സാമ്പത്തിക ശാസ്ത്രജരോ മനസ്സിലാക്കിയിട്ടില്ല അഥവാ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ പുറത്തു പറയുന്നുമില്ല.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ലോകത്തെമ്പാടും കൃഷി ഭൂമിയിൽ സൃഷ്ടിക്കുന്ന വൃക്ഷ ഛായയ്ക്ക് സാമ്പത്തിക മൂല്യം ഉണ്ട് .യൂറോപ്പിലും അമേരിക്കയിലും കൃഷി പോലെ തന്നെ സാമ്പത്തിക ലാഭം കിട്ടുന്ന ഒരു പ്രവർത്തനമാണ് കൃഷിഭൂമിയിൽ മരങ്ങൾ വച്ചുപിടിപ്പിച്ച് പരിപാലിക്കുക എന്നുള്ളത്.കൃഷി ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടത്തിന് ഒപ്പം കൃഷിഭൂമിയിൽ വളരുന്ന മരത്തിൻറെ അളവും കൂടികണക്കാക്കി ആണ് കാർബൺ ക്രെഡിറ്റ് നിശ്ചയിക്കുന്നത് അവിടെ . ആ തുക കർഷകനെ നൽകുന്നതാണ് അവിടുത്തേ ക്രമീകരണങ്ങൾ .യൂറോപ്പിലും അമേരിക്കയിലും രൂപപ്പെടുത്തി എടുക്കുന്ന സ്വകാര്യ കാടുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ കാർബൺ നിക്ഷേപമാണ് കേരളത്തിലെ കൃഷിക്കാരുടെ കൃഷിഭൂമിയിൽ നട്ടുവളർത്തിയ മരങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.അത്തരം കാർബൺ ശേഖരിച്ചു വെക്കൽ നടത്തിയിട്ടുള്ള കർഷകന്റെ പ്രവർത്തനത്തെ പരിസ്ഥിതി സൗഹൃദ പ്രവർത്തനമായിട്ടാണ് ആഗോള സമൂഹവും നിയമങ്ങളും എഗ്രിമെന്റുകളും വിലയിരുത്തുന്നത്.

അതിൻറെ പേരിൽ കർഷകന് പൊന്നാടയും താമര പത്രവും ചിങ്ങം ഒന്നാം തീയതി നൽകുക അല്ല അവർ നൽകുന്നത്.മറിച്ച് അതിൻറെ സാമ്പത്തിക മൂല്യം സർട്ടിഫൈ ചെയ്യുകയും അത് ആഗോള സമൂഹത്തിൽ ട്രേഡ് ചെയ്യുന്നതിന് സൗകര്യം ഏർപ്പെടുത്തുകയും ആണ് നടപടി.

അതായത് കൃഷിഭൂമിയിൽ മരം വെച്ചു പിടിപ്പിക്കുന്ന കർഷകൻ ആ പ്രവർത്തിയിലൂടെ അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡ് വലിച്ചെടുത്ത് മരത്തിലും മണ്ണിലും ആക്കി ശേഖരിച്ചുവച്ച് ഭൂമിയെ കാർബൺ വിമുക്തമാക്കുന്ന പ്രവർത്തനം സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്.ആ പ്രവർത്തനത്തിന് ഉള്ള ക്രെഡിറ്റ് സാമൂഹിക അന്തസായി മാത്രമല്ല പണമായി പോക്കറ്റിലും ചെന്നുചേരുന്നതാണ്.

ഈദി അമീന്റെ ദർബാറിൽപോലും
ഇത്തരം അനീതിയില്ല

ഇതുരണ്ടും കേരളത്തിലെ കർഷകന് നിഷേധിക്കുകയാണ് സർക്കാർ .നേരെ വിപരീതമായി ചിത്രീകരിക്കുകയും ഇടിച്ചുതാഴ്ത്തുകയും ചെയ്യുകയാണ് ഇവിടുത്തെ പോളിസി നിർമ്മാതാക്കളും ബുദ്ധിജീവികളും പരിസ്ഥിതിവാദികൾ എന്ന ലേബലിൽ പ്രത്യക്ഷപ്പെടുന്ന സാമൂഹ്യവിരുദ്ധരും ചേർന്ന് ചെയ്യുന്നത്.

ആ തലതിരിഞ്ഞസമീപനത്തിന്റെയും ക്രൂരതയുടെയും ചൂഷണത്തിന്റെയും ബാക്കി പത്രമാണ് കേരളത്തിലെ കർഷകർക്ക് ഗ്രീൻ ടാക്സ് ഏർപ്പെടുത്തുവാനുള്ള നീക്കം. ഈദിഅമിന്റെ ദർബാറിൽ പോലും സംഭവിച്ചിട്ടില്ലാത്ത നടപടിയാണ് കർഷകർക്ക് ഗ്രീൻ ടാക്സ് ഏർപ്പെടുത്തുന്നത്. ക്രമപ്പെടുത്തലാണ് ഗ്രീൻ ടാക്സ് എന്ന വാദത്തിന് സാധ്യതയെ ഇല്ല .ഗ്രാമപ്രദേശങ്ങളിൽ കൃഷിക്ക് കൊടുത്ത ഭൂമിയിൽ സ്വാഭാവികമായി ഉണ്ടായി വന്ന വാണിജ്യ നിർമ്മാണങ്ങളെ ആണ് ക്രമപ്പെടുത്തുന്നത്. അതിനാണ് ഗ്രീൻ ടാക്സ് ഏർപ്പെടുത്തുന്നത്.ഇതേ ഭൂമിയിൽ നിർമ്മാണങ്ങൾ നടത്തുന്നതിനാണ് ഭാവിയിൽ ഗ്രീൻ ടാക്സ് കൊടുക്കേണ്ടി വരുന്നത്.രണ്ടും കൃഷിക്കും താമസത്തിനും കൊടുത്ത ഭൂമിയിലെ നിർമ്മാണങ്ങളുടെ കാര്യത്തിൽ ആണ് .കൃഷിക്കും താമസത്തിനും കൊടുത്തിട്ടുള്ള പട്ടയം കൃഷിക്കാരന്റെ പട്ടയം തന്നെയാണ്.അതുകൊണ്ടുതന്നെ അതിൽ ഏർപ്പെടുത്തുന്ന ഗ്രീൻ ടാക്സ് കർഷകൻ ഏർപ്പെടുത്തുന്ന ഗ്രീൻ ടാക്സ് തന്നെയാണ്

Share