കൊച്ചി: വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് തരംതിരിക്കുന്ന ഹരിതകർമ്മ സേനയിലെ അംഗങ്ങൾ മാലിന്യത്തിൽ നിന്ന് കിട്ടിയ 10 പവൻറെ സ്വർണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച സംഭവത്തിൽ അഭിനന്ദനങ്ങളുമായി മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങൾക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചതെന്ന് ഇവരുടെ ചിത്രം പങ്കുവച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പത്ത് പവൻറെ സ്വർണമാലയാണ് മാലിന്യത്തിൽ നിന്ന് ഇവർക്ക് കിട്ടിയത്. കണ്ണൊന്ന് മഞ്ഞളിക്കാതെ ഇവർ പിന്നീട് പരിശ്രമിച്ചത് ആ സ്വർണം ഉടമസ്ഥന് തിരിച്ചുകൊടുക്കാനായാണ്. അന്വേഷണത്തിനൊടുവിൽ യഥാർഥ ഉടമയെ കണ്ടെത്തി മാല കൈമാറിയ ഇവരുടെ പത്തരമാറ്റ് തിളക്കമുള്ള സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ടെന്ന് പറഞ്ഞ മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നുവെന്നും ഫേസ്ബുകക്ിൽ കുറിച്ചു..

