തിരുവനന്തപുരം : ഭൂപതിവ് നിയമ ഭേദഗതി ബിൽ നിയമസഭ ഐക്യകണ്ഠ്യേന പാസാക്കി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവൽക്കരിച്ചു നൽകാൻ നിയമത്തിലൂടെ ഇനി സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി. കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇതോടെ നിയമസാധുത ലഭിക്കും.
പട്ടയ ഭൂമിയിലെ റിസോർട്ട് നിർമ്മാണം, പാർട്ടി ഓഫീസ് നിർമ്മാണം, വാണിജ്യ മന്ദിരങ്ങൾ എല്ലാത്തിനും ആനുകൂല്യം ലഭിക്കും. നിയമത്തിൻറെ ഭാഗമായുള്ള ചട്ടം രൂപീകരിക്കുന്നതോടെയാകും സാധുത ലഭിക്കുക. ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ കൊണ്ടുവന്ന നിയമ ഭേദഗതി നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.
പട്ടയ ഭൂമിയിലെ എല്ലാ നിയമവിരുദ്ധ നിർമാണങ്ങളും ക്രമവൽക്കരിക്കുമെന്ന് റവന്യുമന്ത്രി കെ രാജൻ അറിയിച്ചു. ഭൂപതിവ് നിയമ ഭേദഗതി ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചെന്നും റവന്യുമന്ത്രി പറഞ്ഞു. പതിച്ചുകൊടുത്ത ഭൂമിയിലെ നിലവിലെ നിർമാണങ്ങൾ ക്രമവൽക്കരിക്കുമെന്നും ഇപ്പോൾ അനുവദിക്കാത്ത ചില പ്രവൃത്തികൾ പട്ടയഭൂമിയിൽ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

