തമിഴ്‌നാട്ടിൽ പൂജാരിമാരായി മൂന്ന് യുവതികൾ’: സമത്വത്തിന്റെ പുതിയ യുഗമെന്ന് സ്റ്റാലിൻ

ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളിൽ സഹ പൂജാരിമാരായി മൂന്ന് യുവതികളെ ചുമതലപ്പെടുത്തി തമിഴ്‌നാട്. സ്ത്രീകൾക്ക് ഇന്നും വിലക്കുള്ള ക്ഷേത്രപൂജാരിമാരുടെ സ്ഥാനത്തേക്ക് യുവതികളെ എത്തിച്ച് സമത്വത്തിന്റെ പുതിയ ചരിത്രമെഴുതുകയാണ് തമിഴ്‌നാട് സർക്കാർ.
എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാർക്കുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കിയത്. യുവതികളുടെ നേട്ടത്തെ പ്രകീർത്തിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഉൾക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗം പിറക്കുകയാണെന്നും എക്‌സ് ഹാൻഡിലിൽ സ്റ്റാലിൻ കുറിച്ചു.

മൂവരും ശ്രീരംഗത്തിലെ ശ്രീ രംഗനാഥർ ക്ഷേത്രം നടത്തുന്ന അർച്ചകർ (പൂജാരി) ട്രെയിനിംഗ് സ്‌കൂളിൽ നിന്നാണ് പരിശീലനം പൂർത്തീകരിച്ചത്. ഇവർ ഒരു വർഷത്തിനുള്ളിൽ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളിൽ സഹ പൂജാരിമാരായി ചുമതലയേൽക്കും.

2023 സെപ്റ്റംബർ 12ന് ചെന്നൈയിൽ നടന്ന ചടങ്ങിൽ ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബുവിൽ നിന്ന് അർച്ചകർ പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. ഇവരോടൊപ്പം 91 പുരുഷന്മാരും 2022-2023 വർഷത്തിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു

Share
അഭിപ്രായം എഴുതാം