മലപ്പുറം: മലപ്പുറത്തും നിപ ജാഗ്രത. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരിയ രോഗലക്ഷണമുള്ള ഒരാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇവർ സമ്പർക്കപ്പട്ടികയിലുള്ള വ്യക്തിയല്ല. പനി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ ഇവർ ചികിത്സയിലിരിക്കെ കാണിച്ചതിനാലാണ് സ്രവം പരിശോധനയ്ക്കയച്ചതെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. ഇവരെ ഐസൊലേഷനിലാക്കി നിരീക്ഷിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോഴിക്കോട് രോഗബാധയേറ്റവരിൽ നിന്നും സമ്പർക്കമുള്ളവരാരും ജില്ലയിലില്ലെന്നും അധികൃതർ അറിയിച്ചു.
കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന് കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ ആളുകളും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 2018-ൽ മലപ്പുറത്ത് നിപ മരണം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കർശന സുരക്ഷാനടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്.

