സമ്പര്‍ക്കപ്പട്ടികയിലെ 168 പേരെ തിരിച്ചറിഞ്ഞു; 127 പേരും ആരോഗ്യപ്രവര്‍ത്തകര്‍

കോഴിക്കോട്: നിപ സാഹചര്യത്തില്‍ കേന്ദ്രസംഘം ബുധനാഴ്ച കേരളത്തിലെത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവര്‍ക്കുപുറമെ, പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ ലാബ് യൂണിറ്റും ചെന്നൈ ഐ.സി.എം.ആറില്‍ നിന്നുള്ള സംഘവും സംസ്ഥാനത്തെത്തും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട്ടു ചേര്‍ന്ന അവലോകന യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ആദ്യ രോഗിയുമായി സമ്പര്‍ക്കപ്പട്ടികയിലുള്ളത് 158 പേരാണ്. ഇതില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ബാക്കിയുള്ളവര്‍ രോഗിയുമായി അടുത്ത് ഇടപഴകിയവരും. മരിച്ച രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപ്പട്ടികയില്‍ പത്തു പേരാണ് ഉള്ളത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ള നൂറിലധികം പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിശോധനയ്ക്കയച്ച രണ്ട് പേരുടെ ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അറിയിച്ചതായും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണവകുപ്പിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ മേഖലയില്‍ വവ്വാലുകളുടെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട സര്‍വേ നടത്തുമെന്നും മന്ത്രി അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. രോഗലക്ഷണമുള്ളവര്‍ ഹെല്‍പ് ലൈനുമായി ബന്ധപ്പെടണം. കോഴിക്കോട് ജില്ലയില്‍ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0495 2383100, 0495 2383101, 0495 2384100, 0495 2384101 എന്നീ നമ്പറുകളില്‍ വിളിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →