ഫയര്‍ എഞ്ചിനും വേഗപ്പൂട്ട്!

ജീവന്‍ രക്ഷാ ദൗത്യവുമായി കുതിച്ച് എത്തേണ്ടുന്ന ഫയര്‍ എന്‍ജിനുകളുടെ വേഗതയ്ക്ക് സര്‍ക്കാര്‍ കത്രികപ്പൂട്ടിട്ടു. ജീപ്പുകള്‍ ഒഴികെയുള്ള ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ക്ക് എല്ലാം പരമാവധി വേഗത മണിക്കൂറില്‍ 80 കി.മീ. യാക്കി നിശ്ചയിച്ച് സ്പീഡ് ഗവേര്‍ണറുകള്‍ ഫിറ്റു ചെയ്തു. അഗ്‌നി രക്ഷാ സേനയ്ക്കു വേണ്ടി കഴിഞ്ഞ ദിവസങ്ങളിലായി വിവിധ സ്റ്റേഷനുകളിലേക്കു നല്‍കിയ ഫയര്‍ എന്‍ജിനുകളിലും കൂടി വേഗപ്പൂട്ട് വച്ചതോടെ ഫയര്‍ എന്‍ജിനുകളുടെ അതിവേഗ രക്ഷാ ദൗത്യം എന്ന ലക്ഷ്യം തന്നെ അട്ടിമറിയ്ക്കപ്പെടുകയാണ്.

സംസ്ഥാനത്ത് ഓടുന്ന ഏതാനും ഫയര്‍ എന്‍ജിനുകളില്‍ നേരത്തെ തന്നെ വേഗപ്പൂട്ടുകള്‍ സ്ഥാപിച്ചിരുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ വി വി.ഐ.പി. കളുടെ വാഹന വ്യൂഹത്തിലെ ഫയര്‍ എന്‍ജിനുകള്‍ക്ക് ഇതു മൂലം മറ്റ് അകമ്പടി വാഹനങ്ങള്‍ക്ക് ഒപ്പം ഓടിയെത്താന്‍ കഴിയാത്തത് നേരത്തെ തന്നെ ആക്ഷേപങ്ങള്‍ക്ക് ഇടയൊരുക്കിയിരുന്നു. അപകടസ്ഥലത്തേക്ക് കുതിച്ചെത്തുന്ന ഫയര്‍ എന്‍ജിനുകള്‍ 80 കി.മീ. വേഗത മറികടന്നാല്‍ ഉടന്‍ വേഗത ഡൗണ്‍ ആകും. 5000 ലിറ്റര്‍ വെള്ളവും മറ്റ് രക്ഷാ ഉപകരണങ്ങളുമായി ഭാരം വഹിച്ച് ഓടുന്ന ഫയര്‍ എന്‍ജിനുകള്‍ അപകടത്തില്‍ പെടാനും വേഗത കുത്തനെ കുറയുന്നത് ഇടയാക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍ കൂടി ലക്ഷ്യമിട്ട് ജീവന്‍ രക്ഷാ വാഹനങ്ങളായ ഫയര്‍ എന്‍ജിനുകളില്‍ നിന്നും വേഗപ്പൂട്ടുകള്‍ നീക്കണമെന്ന ആവശ്യം ജീവനക്കാര്‍ ഉയര്‍ത്തുന്നതിനിടെയാണ് , സ്പീഡ് ഗവേര്‍ണറുകള്‍ സഹിതം പുതിയ വണ്ടികള്‍ സര്‍ക്കാര്‍ ഫയര്‍ സ്റ്റേഷനുകളിലേക്ക് നല്‍കിയിരിക്കുന്നത്.

നിലവില്‍ അശാസ്ത്രീയമായാണ് ഫയര്‍ എന്‍ജിനുകള്‍ നിര്‍മ്മിക്കുന്നതെന്നും അതുമൂലമാണ് സമീപകാലത്ത് അവ അപകടങ്ങളില്‍ പെടുന്നതെന്നും ജീവനക്കാര്‍ ആക്ഷേപമുന്നയിക്കുന്നതിനിടയാണ് പുതിയ നടപടി. ഫയര്‍ എന്‍ജിനുകളുടെ പിന്‍ ഭാഗത്ത് വാട്ടര്‍ ടാങ്കും അതിനു ശേഷം ടൂള്‍കിറ്റും മറ്റും എന്ന നിലയിലാണ് ബോഡി നിര്‍മ്മിയ്ക്കുന്നത്. 5000 ലിറ്ററിന്റെ ഭാരമത്രയും പിന്‍ ചക്രങ്ങളില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ വേഗത്തിലോടുമ്പോള്‍ ബാലന്‍സ് നഷ്ടമാകുന്നത് അപകടങ്ങളിലേക്കും നയിക്കുന്നുണ്ട് എന്ന് ഡ്രൈവര്‍മാര്‍ക്ക് പരാതിയുണ്ട്.നിലവില്‍ ഒരു ലിറ്റര്‍ ഡീസല്‍ കൊണ്ട് 2 3/4 കിലോമീറ്റര്‍ ഓടണമെന്നാണ് സര്‍ക്കാരിന്റെ വ്യവസ്ഥ . ഇതും പ്രായോഗികമല്ല ദുരന്ത സാഹചര്യങ്ങളിലെന്ന് ജീവനക്കാര്‍ക്ക് അഭിപ്രായമുണ്ട് . ഇത്തരം പരാതികള്‍ നിലനില്‍ക്കുകയാണ് വേഗതയ്ക്ക് കത്രിക പൂട്ടിട്ട് സര്‍ക്കാര്‍ നടപടി.

Share
അഭിപ്രായം എഴുതാം