സൗഹൃദമത്സരം

ഫ്രാന്‍സിനെ വീഴ്ത്തി ജര്‍മ്മനി;
സ്‌കോട്‌ലന്‍ഡിനെ മെരുക്കി ഇംഗ്ലണ്ട്

ഡോര്‍ട്മുണ്ട്: മുഖ്യപരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കിയതിനു പിന്നാലെ വിജയവഴിയില്‍ തിരിച്ചെത്തി ജര്‍മ്മനി. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയിറങ്ങിയ കരുത്തരായ ഫ്രാന്‍സിനെതിരേ നാട്ടില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ജര്‍മ്മനിയുടെ വിജയം. വിജയമില്ലാത്ത അഞ്ചു മത്സരങ്ങള്‍ക്കു ശേഷമാണ് ജര്‍മ്മനിയുടെ ജയം.

നാലാം മിനുട്ടില്‍ വെറ്ററന്‍
മിഡ്ഫീല്‍ഡര്‍ തോമസ് മുള്ളറിന്റെ ഗോളില്‍ ജര്‍മ്മനി പിടിമുറുക്കി. തിരിച്ചടിക്കാന്‍ കിണഞ്ഞുശ്രമിച്ച ഫ്രാന്‍സിന് പക്ഷെ ജര്‍മന്‍മതില്‍ തകര്‍ക്കാനായില്ല.
87-ാം മിനുട്ടില്‍ ലിറോയ് സാനെയിലൂടെ ജര്‍മ്മനി ലീഡ് ഇരട്ടിയാക്കി. രണ്ടു മിനിട്ടിനകം ഫ്രാന്‍സ് അന്റോയ്ന്‍ ഗ്രീസ്മാന്റെ പെനാള്‍ട്ടിഗോളില്‍ തിരിച്ചടിച്ചെങ്കിലും പരാജയം ഒഴിവാക്കാനായില്ല. മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് സ്‌കോട്‌ലന്‍ഡിനെ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് തുരത്തി. ഫില്‍ ഫോഡന്‍, ജൂഡ് ബെല്ലിങ്ങാം, ഹാരി കെയ്ന്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. ഹാരി മഗ്വയറിന്റെ സെല്‍ഫ് ഗോളാണ് സ്‌കോട്‌ലന്‍ഡിന്റെ അക്കൗണ്ടില്‍.
സെനഗലിനെ ഒരു ഗോളിന് അള്‍ജീരിയ അട്ടിമറിച്ചു. ഒമാനെതിരേ യു.എസ്.എ. എതിരില്ലാത്ത നാലു ഗോളിന്റെ ജയം ആഘോഷിച്ചു. മെക്‌സിക്കോയും ഉസ്ബക്കിസ്ഥാനും മൂന്നുഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു.

Share
അഭിപ്രായം എഴുതാം